തിരൂരങ്ങാടി: താമസിക്കാനാളില്ലാതെ തിരൂരങ്ങാടി എസ്.ഐ ക്വാർട്ടേഴ്സ് കെട്ടിടം കാട് പിടിച്ച് ജീർണ്ണാവസ്ഥയിലാകാൻ തുടങ്ങിയിട്ട് ഇരുപത് വർഷത്തിലധികമായി. ചെമ്മാട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ പടിഞ്ഞാറുവശത്താണ് സി.ഐ ,എസ്.ഐ ക്വാർട്ടേഴ്സുകൾ. സി.ഐ ക്വാർട്ടേഴ്സിൽ താമസക്കാരുണ്ട്.
തൊട്ടടുത്തുള്ള എസ്.ഐ ക്വാർട്ടേഴ്സാണ് അഭ്യന്തര വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ് ക്വാർട്ടേഴ്സ് പരിസരം തെരുവ് നായകൾ കൈയ്യടിക്കിരിക്കുകയാണ്. പുതിയതായി വരുന്ന എസ്ഐമാർ താമസിക്കുവാൻ തയ്യാറാകാത്തതും യഥാസമയം വേണ്ട അറ്റകുറ്റപണികൾ നടത്താത്തതുമാണ് ക്വാർട്ടേഴ്സ് നശിക്കാൻ കാരണം. പല ക്വാട്ടേഴ്സുകൾക്ക് മുകളിലും മരങ്ങൾ തഴച്ച് വളരുകയാണ്. െരുവ് നായകളുടെയും ഇഴചെന്തുകളുടെയും വളർത്ത്കേന്ദ്രമായി എസ്.ഐ ക്വാർട്ടേഴ്സ് വളപ്പ് മാറിയിട്ടുണ്ട്. ഈ പൊലീസ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിലാണ് അനധികൃത മണൽ, മണ്ണ് കടത്ത് അടക്കമുള്ള വിവിധ കേസുകളിൽ പിടികൂടുന്ന തൊണ്ടി വാഹനങ്ങൾ കൂനപോലെ കൂട്ടിയിട്ടിരിക്കുന്നത് . താലൂക്ക് ആശുപത്രിക്ക് തൊട്ടടുത്തുള്ള എസ്.ഐ ക്വാർട്ടേഴ്സ് വളപ്പിലെ വാഹനങ്ങളിലും മറ്റുമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് വളരുന്നതിനാൽ ആരോഗ്യ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ആശുപത്രി വളപ്പിൽ ചെറുതും വലുതുമായ നിരവധി തെരുവുനായകളാണ് ചികിത്സയ്ക് എത്തുന്ന രോഗികളെയും ജീവനക്കാരേയും കഷ്ടത്തിലാക്കുന്നത്. താലൂക്ക് ആശുപത്രി റോഡിൽ ആഭ്യാന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് 1991ൽ പണിത ഈ ക്വാട്ടേഴ്സുകളുള്ളത്. പതിനഞ്ച് വീടുകളോട് കൂടിയ മുപ്പത് ക്വട്ടേഴ്സുകളും ഒരു ബഹുനില കെട്ടിടവുമാണ് ഇവിടെയുള്ളത്.