മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ഓര്‍ഗനൈസിംങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എപി എന്നിവര്‍ ആവശ്യപ്പെട്ടു. വലിയൊരു പ്രതിസന്ധിയില്‍ നിന്നും പതിയെ കരകയറി വരുന്ന കരിപ്പൂരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് നികുതിയിളവ് നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലന സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തോട് വിവേചനം കാണിക്കുകയാണ്. ഇത് വലിയ അനീതിയാണ്. മാത്രമല്ല വിമാനങ്ങളെ കണ്ണൂരിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ന്യായമായും സംശയിക്കാം. എല്ലാ വിമാനത്താവളത്തിനോടും സര്‍ക്കാറിന് ഒരേ സമീപനമാവണം. കണ്ണൂരിന് നികുതി ഇളവ് കൊടുക്കുകയും കരിപ്പൂരിന് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അടിയന്തരമായി ഈ നടപടി സംസ്ഥാന സര്‍ക്കാര്‍ തിരുത്തണം. 17ന് ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ഇപ്പോള്‍ തന്നെ ചില വിമാനങ്ങള്‍ ഡല്‍ഹി-കണ്ണൂര്‍-കാലിക്കറ്റ് എന്ന പ്രപോസല്‍ ഡല്‍ഹി കണ്ണൂര്‍ എന്നാക്കി മാറ്റിയിരിക്കുകയാണ്. ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടിന് ഇടക്കിടക്ക് ഇത്തരത്തിലുള്ള ചില പ്രശ്‌നങ്ങള്‍ വന്നു ചേരുന്നത് വളരെ പ്രതിഷേധാര്‍ഹമാണ്. വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുന്നെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇതു തിരുത്തണം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കേരളത്തില്‍ ശക്തമായ മേല്‍ക്കൈ ഉണ്ടാകുമെന്നും കോണ്‍ഗ്രസും മുസ്‌ലിംലീഗും മറ്റുഘടക കക്ഷികളുമെല്ലാം ഒറ്റകെട്ടാണെന്നും ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു.