വളാഞ്ചേരി: ശബരിമലയിലേക്ക് പുറപ്പെടുന്ന അയ്യപ്പ ഭക്തർക്ക് കെട്ടുനിറ സാധനങ്ങൾ കൈമാറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. വളാഞ്ചേരി കൊട്ടാരം നിരീക്ഷ സാംസ്കാരിക വേദി സംഘടിപ്പിച്ച ഭക്തിനിർഭരമായ ചടങ്ങിലാണ് നെയ്ത്തേങ്ങ അടക്കമുള്ള ദ്രവ്യങ്ങൾ നൽകി യാത്രയാക്കിയത്.
മൂച്ചിക്കൽ ശ്രീ ദുർഗാ ക്ഷേത്രത്തിൽ നിന്നും മകര വിളക്ക് ദർശിക്കാനായി പുറപ്പെടുന്ന അയ്യപ്പ ഭക്തർക്കാണ് കെട്ടുനിറ സാധനങ്ങൾ എം.എൽ.എ. കൈമാറിയത്. സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകത ഓർമിപ്പിക്കുന്ന സന്ദർഭമാണ് ഇതെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞു. ബാലൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടുനിറച്ച ഭക്തർ ശബരിമലയിലേക്ക് തിരിച്ചു. മൂച്ചിക്കൽ ശ്രീ ദുർഗാ ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് പോകുന്ന ഭക്തർക്കുള്ള കെട്ടുനിറ സാധനങ്ങൾ നിരീക്ഷ സാംസ്കാരിക വേദിയാണ് വർഷം തോറും നൽകാറുള്ളത്. ഇത് രണ്ടാം തവണയാണ് എം.എൽ.എ. കെട്ടുനിറ സാധങ്ങൾ കൈമാറുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് ടി.എം. പത്മകുമാർ, അഷ്‌റഫ് അമ്പലത്തിങ്ങൽ, കെ. മുഹമ്മദാലി, വി.ടി. നാസർ, ടി. മെഹബൂബ്, പി.പി. ഷമീർ, സൈഫുദ്ധീൻ പാടത്ത് എന്നിവരും സംബന്ധിച്ചു.