online-cheating
മൈക്കിൾ ബൂൻവി ബോൻവ

മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശിയായ മൈക്കിൾ ബൂൻവി ബോൻവയെ (29 ) മഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയുടെ താമസസ്ഥലത്ത് നിന്നും പുലർച്ചെയാണ് പിടികൂടിയത്. ഇതേ കേസിലെ കാമറൂൺ സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞ മാസം മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കിടെ താമസസ്ഥലം മാറ്റുന്നതിനാൽ പ്രതിയെ കണ്ടെത്താൻ ഏറെ പ്രയാസമായിരുന്നു. മെഡിക്കൽ വിസയിൽ ഇന്ത്യയിലേക്ക് വന്നയിയാൾ ഫോറീനേഴ്‌സ് ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യാതെ അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു. ഇതോടെ ഓൺലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം എട്ടായി. മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും റസീ്ര്രപുകളും വെബ്‌സൈറ്റും മറ്റും ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടർന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതികളിൽ നിന്നും തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ, സിഐ എൻ.ബി. ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ടി.പി. മധുസൂദനൻ, ഹരിലാൽ, ലിജിൻ, ഷഹബിൻ എന്നിവരാണ് ഹൈദരാബാദിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.