കോട്ടയ്ക്കൽ: ഔഷധമായി ആഹാരത്തെ കണ്ടിരുന്ന കാഴ്ചപ്പാടിൽ നിന്നും പിന്നോട്ട് പോയതിന്റെ തിക്തഫലങ്ങളാണ് വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്ക് കാരണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ഷിബുലാൽ പറഞ്ഞു. കോട്ടയ്ക്കൽ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കേരളകൗമുദി സംഘടിപ്പിച്ച ആരോഗ്യസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. ശാരീരികമായും മാനസികമായും ഒരു പോലെ ആരോഗ്യം വേണം. പകർച്ചവ്യാധികളെപ്പോലെ പകരുന്നവയല്ല ജീവിതശൈലി രോഗങ്ങൾ. ജീവിതക്രമത്തിൽ ആവശ്യമായ ശ്രദ്ധ പുലർത്തിയാൽ ഇവയെ പൂർണ്ണമായും അകറ്റിനിറുത്താം. യുവജനങ്ങൾ ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. കേരളകൗമുദി സംഘടിപ്പിച്ച സെമിനാർ ഈ ദിശയിലെ വഴികാട്ടിയാണ്. - അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഉണ്ണി പാലേരി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ജിനിദാസ് ക്ലാസ്സെടുത്തു. സൊസൈറ്റി സെക്രട്ടറി കെ.കെ. അനിൽ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി, സീനിയർ എക്സിക്യുട്ടീവ് സനൂപ് വാസുദേവൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ്കുമാർ സ്വാഗതവും കോളേജ് യൂണിയൻ ജനറൽ കൺവീനർ ജ്യോതി നന്ദിയും പറഞ്ഞു.