സാലി മേലാക്കം
മഞ്ചേരി: ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ അഗ്രോ ടൂറിസം പദ്ധതി പ്രാവർത്തികമാക്കുന്നതിൽ വിനോദ സഞ്ചാര വകുപ്പിന്റെ നിസ്സഹകരണം പ്രതിസന്ധിയേറ്റുന്നു. കൃഷി, വിനോദസഞ്ചാര വകുപ്പുകളെ ഏകോപിപ്പിച്ച് കേന്ദ്രത്തിലേക്കു സഞ്ചാരികളെ ആകർഷിക്കാനും അവർക്കു കൃഷിരീതി പഠിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അഗ്രോ ടൂറിസം പദ്ധതി വിഭാവനം ചെയ്തിരുന്നത്. ജില്ലാ ടൂറിസം വകുപ്പ് തയ്യാറാക്കിയ രൂപരേഖപ്രകാരം 2.5 കോടി ചെലവ് വരുമായിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പദ്ധതി പ്രവർത്തനം നാമമാത്രമായി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും പ്രഖ്യാപിത പദ്ധതിക്ക് കാര്യമായ പരിഗണന ഉണ്ടായിരുന്നില്ല.ഇതിൽ പ്രതിഷേധം ശക്തമായതോടെ പദ്ധതിക്ക് വേഗം വന്നു.
പദ്ധതി ഉടൻ കമ്മിഷൻ ചെയ്യാനായേക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനിടെ വീണ്ടും നടപടികൾ വൈകുകയായിരുന്നു.
വെള്ളിയാഴ്ച ആനക്കയത്തെത്തിയ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വിശദീകരണം പദ്ധതിയുടെ ഏകോപനമില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പദ്ധതി പൂർത്തിയാക്കുന്നതിൽ വിനോദ സഞ്ചാര വകുപ്പാണ് ഇടപെടേണ്ടതെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
വൻതോതിൽ സഞ്ചാരികളെ ആകർഷിക്കാനും ഒപ്പം കാർഷിക വികാസവും ലക്ഷ്യമിട്ട പദ്ധതിയാണ് കൃത്യമായ ഇടപെടലുകളുടെ അഭാവത്തിൽ നാടിനന്യമാവുന്നത്.
വിഷയത്തിൽ സർക്കാർ തലത്തിലുള്ള അവഗണന കാർഷിക രംഗത്തെ ജില്ലയുടെ കുതിച്ചുചാട്ടത്തിനാണ് പ്രതിസന്ധി തീർക്കുന്നത്.
ലക്ഷ്യം
കൂറ്റൻ ജലസംഭരണികൾക്ക് ചുറ്റിനും ഇരിപ്പിടം പണിയാനും കേന്ദ്രത്തിൽ ഉത്പാദിപ്പിക്കുന്ന നടീൽവസ്തുക്കളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിൽക്കാൻ ഹൈടെക് കൗണ്ടർ തുറക്കാനുമായിരുന്നു പദ്ധതി. കേന്ദ്രത്തിലെ പ്രധാന പാതകളിൽ ചെടികളും പച്ചക്കറികളും ഉപയോഗിച്ചുള്ള പഗോഡകൾ, ആഫിം തിയേറ്റർ, വാച്ച് ടവർ, ചിൽഡ്രൻസ് പാർക്ക് എന്നിവയാണ് നിർമ്മാണത്തിലെ മറ്റു മുഖ്യ ആകർഷണം.
ആകർഷണങ്ങളേറെ
ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ അഗ്രോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നടപ്പാതയുടെയും വ്യൂപോയന്റിന്റെയും നിർമ്മാണം പൂർത്തീകരണഘട്ടത്തിലാണ്. വലിയ ജലസംഭരണിക്ക് ചുറ്റിലുമാണ് നടപ്പാത നിർമ്മിച്ചത്.
കേന്ദ്രത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് വ്യൂപോയിന്റ്. ഇവിടെ നിന്ന് മഞ്ചേരി നഗരവും പരിസരവും കാണാനാകും.