എടക്കര: മാനസികോല്ലാസ ഉദ്യാനം പൂർത്തിയാവുന്നതോടെ വഴിക്കടവ് മുണ്ട കുടുംബാരോഗ്യ കേന്ദ്രം ഇനി നിർമ്മലവും ഹരിതാഭവുമാകും. പരിസ്ഥിതി സൗഹൃദവും രോഗീ സൗഹൃദ അന്തരീക്ഷവും ലക്ഷ്യമിട്ടുള്ള വൻ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.ചിൽഡ്രൻസ് പാർക്കിനായി 15 ലക്ഷത്തിന്റെ നിർമ്മാണ പ്രവൃത്തികളാണിവിടെ നടക്കുന്നത്. 75 സെന്റ് സ്ഥലത്തൊരുങ്ങുന്ന ഉദ്യാനത്തിന്റെ മുഖ്യ ആകർഷണം അമ്മയുടെയും കുഞ്ഞിന്റെയും പ്രതിമയാണ്. പാർക്കിനുള്ളിൽ ജലാശയവുമൊരുക്കുന്നുണ്ട്. പാർക്കിൽ സ്ഥാപിക്കുന്ന വിവിധയിനം പക്ഷികളുടെയും മൃഗങ്ങളുടെയും കടഞ്ഞെടുത്ത രൂപങ്ങളും ഔഷധസസ്യങ്ങളടക്കം പൂച്ചെടികളും കാഴ്ചയ്ക്ക് മിഴിവേകും. കുട്ടികൾക്ക് ഊഞ്ഞാലും വൃദ്ധജനങ്ങൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത ഇരിപ്പിടങ്ങളുമുണ്ട്. ചെസ്, കാരം ബോർഡ് തുടങ്ങിയവ കളിക്കാനും സൗകര്യമൊരുക്കും. വ്യായാമം ലക്ഷ്യമിട്ട് രോഗികൾക്ക് നടക്കാൻ പാതയുമുണ്ട്. അന്തർസംസ്ഥാന പാതയിൽ നിന്നും ആശുപത്രിയിലേക്ക് 12 ലക്ഷം രൂപ ചെലവിൽ റോഡും നിർമ്മിച്ചു. എറണാംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒറ്റപ്പാലത്തെ ചേരാസ് ഇന്ത്യ ബ്രാന്റിനാണ് നിർമ്മാണ ചുമതല. 25 ലക്ഷം രൂപ ചെലവിൽ ഇ-സൗഹൃദ ബ്ലോക്കിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. ആരോഗ്യ സർവേയുടെ ഭാഗമായി പഞ്ചായത്ത് തയ്യാറാക്കുന്ന ഇ-ഹെൽത്ത് ഡാറ്റ കളക്ഷൻ ആരോഗ്യരംഗത്തിന് ദിശാബോധം നൽകും. രക്ത പരിശോധന റിസൽട്ട് മിനിറ്റുകൾക്കകം ലഭ്യമാക്കുന്ന നാലു ലക്ഷം രൂപ വിലമതിക്കുന്ന സി.ബി.സി മെഷീനും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് സ്റ്റാഫ് നഴ്സ്, നാല് ഡോക്ടർമാർ, ഏഴ് ജെ.പി എച്ച്.ഐമാർ, മൂന്ന് ജെ.സി.എച്ച് എന്നിങ്ങനെ സ്റ്റാഫ് പാറ്റേണും ക്രമീകരിച്ചു. ദിനംപ്രതി 400 ലധികം രോഗികളാണ് കേന്ദ്രത്തിലെത്തുന്നത്. പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കിടത്തിചികിത്സയ്ക്ക് കൂടുതൽ സ്ഥലവും ലഭ്യമാവുമെന്നും ജനുവരി അവസാനം മന്ത്രി കെ.കെ. ശൈലജ ആരോഗ്യകേന്ദ്രത്തെ പരിസ്ഥിതി, രോഗീ സൗഹൃദ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുമെന്നും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു പറയുന്നു.