നിലമ്പൂർ: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. നിലമ്പൂർ എക്സൈസ് റേഞ്ചും മലപ്പുറം എക്സൈസ് ഇന്റലിജൻസും സംയുക്തമായി നാടുകാണി ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ഊട്ടി - കോഴിക്കോട്- തമിഴ്നാട് സ്റ്റേറ്റ് ബസിൽ യാത്ര ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയിൽ നിന്നും 120 ഗ്രാം കഞ്ചാവ് പിടികൂടി. ഉത്തർപ്രദേശിൽ സഹറൻപൂർ ജില്ലയിൽ നാകൂർ താലൂക്കിൽ ചന്ദ്രൗലിയിൽ താമസിക്കുന്ന ഫാറൂഖാണ് പിടിയിലായത്. നിലമ്പൂർ ടൗണിൽ വച്ച്50 ഗ്രാം കഞ്ചാവുമായി എടവണ്ണ പാലപ്പറ്റ അബ്ദുൾ റഷീദിനെയും(29) പിടികൂടി.
കാൽമുട്ടിന് മുകളിൽ ബാൻഡേജ് ചുറ്റി അതിൽ ഒളിപ്പിച്ച നിലയിലാണ് ഫാറൂഖിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. മൈസൂരിൽ നിന്ന് വാങ്ങിയതാണെന്നാണ് മൊഴി. കഴിഞ്ഞ രണ്ട് വർഷമായി പത്തപ്പിരിയത്താണ് പ്രതിയുടെ താമസം. എക്സൈസ് ഇൻസ്പെക്ടർ കെ.ടി.സജിമോൻ, പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ, രവീന്ദ്രനാഥ്, വി.മായിൻകുട്ടി എന്നിവരാണ് കേസെടുത്തത്. റഷീദിനെ എക്സൈസ് ഇൻസ്പെക്ടർ കെ.ടി സജിമോൻ, പി.ഒമാരായ സുധാകരൻ ,സി.ഇ.ഒ വി.സുഭാഷ് എന്നിവരാണ് പിടികൂടിയത്.