പെരിന്തൽമണ്ണ: ഗവ. ഗേൾസ് എച്ച്.എസ്.എസിനെ മികവിന്റെ കേന്ദ്രമാക്കാനായി കിഫ് ബി ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപയുടെ പദ്ധതിക്കായുള്ള ഡി.പി.ആർ കിറ്റ്ക്കോയ്ക്ക് സമർപ്പിച്ചു. ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്സിന് നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള ഗേൾസ് ഹൈസ്കൂൾ ബ്ലോക്, ട്രെയ്നിംഗ് സെന്റർ കം കംഫർട്ട് സ്റ്റേഷൻ എന്നീ ഇനങ്ങളുടെ വിശദമായ പദ്ധതി രേഖയാണ് സമർപ്പിച്ചത്. കിഫ് ബിയുടെ കഴിഞ്ഞ ആഴ്ച്ച ചേർന്ന ഗവേണിംഗ് ബോഡിയിലാണ് നഗരസഭയുടെ ഗേൾസ് സ്കൂളിന് ഫണ്ട് അനുവദിച്ചത്. ഫണ്ട് അനുവദിച്ച ഉടൻ തന്നെ ഡി.പി.ആർ സമർപ്പിക്കാൻ സജ്ജമായ ആദ്യ സ്കൂളാണ് ഗേൾസ് സ്കൂൾ.സ്കൂളിലെ പഴയ ഓഫീസ് ബ്ലോക്ക് പൊളിച്ച് അത്യാധുനിക നിലവാരത്തിൽ നാലു നിലകളിലായാണ് പുതിയ ഹൈസ്കൂൾ ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്. 1400 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ 13 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ഓഫീസ് റൂം, എല്ലാ നിലകളിലും ടോയ് ലറ്റ് ബ്ലോക്ക് , ലിഫ്റ്റ്, റിഫ്രഷ് മെന്റ് ഏരിയ എന്നിവയുണ്ട്. ഇതോടൊപ്പം പെൺകുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്ന ട്രെയ്നിംഗ് സെന്റർ കം കംഫർട്ട് സ്റ്റേഷനും നിർമ്മിക്കും. 3.5 കോടി രൂപയാണ് ഒന്നാം ഘട്ട പദ്ധതിച്ചെലവ്. സർക്കാർ നൽകുന്ന മൂന്നു കോടി രൂപയ്ക്ക് പുറമെ വരുന്ന 50 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്നും വഹിക്കും.
ഡി.പി.ആറിന്റെ കാര്യക്ഷമത, സാങ്കേതിക മേന്മ, സാമ്പത്തിക കൃത്യത എന്നിവ പരിശോധിച്ച ശേഷം സർക്കാരിന്റെ ഭരണാനുമതിയോടെ കിറ്റ് കോ ഒന്നാം ഘട്ട പ്രവൃത്തി മൂന്ന് മാസത്തിനകം പദ്ധതി ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.
രണ്ടാം ഘട്ടമായി ഹൈസ്കൂൾ ലാബ് ബ്ലോക്ക്, ഇ.എം.എസ് പഠിച്ച ക്ലാസ് റൂമിൽ പൈതൃക സ്മാരക ലൈബ്രറി കം റീഡിംഗ് റൂം, കിച്ചൺ ബ്ലോക്ക്, ഓഡിറ്റോറിയം കം സ്വിമ്മിംഗ് പൂൾ എന്നിവയും മൂന്നാം ഘട്ടമായി ഇൻഡോർ സ്റ്റേഡിയം, ടോയ് ലറ്റ് ബ്ലോക്ക്, ലാബ് ബ്ലോക്ക് എന്നിവയും പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു.
ഡി.പി.ആർ സമർപ്പണവുമായി ബന്ധപ്പെട്ട കൂടിയാലോചനയിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, പി.ടി.എ പ്രസിഡന്റ് വി.മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൾ ശോഭ, ഹെഡ്മിസ്ട്രസ് വി.എം സുനന്ദ, എന്നിവർ പങ്കെടുത്തു.