മുകുന്ദൻ പുത്തൂരത്ത്
എടക്കര: നാടിന്റെ സുരക്ഷയ്ക്കൊപ്പം ഒരു കുടുംബത്തിന്റെ കണ്ണീരിനും പരിഹാരം കണ്ടിരിക്കുകയാണ് എടക്കര സി.ഐ. സുനിൽ പുളിക്കലും സംഘവും.പ്രളയത്തിൽ വീട് നശിച്ച എടക്കര കൗക്കാട് വാഴത്തോട്ടത്തിൽ ഉലഹന്നാന്റെ മകൻ അലക്സാണ്ടറിനാണ് പൊലീസുകാരുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്.
പ്രളയത്തിൽ സ്വന്തമായുള്ളതെല്ലാം നഷ്ടമായപ്പോൾ ഭാര്യ ഷൈബിയും ഏഴിലും മൂന്നിലും പഠിക്കുന്ന മക്കളായ ആൽബിനും അസിനുമൊത്ത് എങ്ങോട്ടു പോകണമെറിയാതെ പകച്ചു നിൽക്കുകയായിരുന്നു അലക്സാണ്ടർ. അപ്പോഴാണ് പൊലീസ് രക്ഷയ്ക്കെത്തിയത്. തീർത്തും ദുരിതത്തിലായ ഇവർക്ക്, വില്ലേജധികാരികളുമായി സഹകരിച്ച് വാടകവീട്ടിൽ താൽക്കാലിക താമസസൗകര്യമൊരുക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പങ്കിനു പുറമെയും ദുരിതബാധിതരെ സഹായിക്കാൻ സി.ഐയും പൊലീസുകാരും തീരുമാനിച്ചു. ഒരു ദിവസം പൊലീസുകാർ ഒരുമിച്ചെത്തി പഴയവീട് പൂർണ്ണമായും പൊളിച്ച് മാറ്റി. നാട്ടുകാരും വ്യാപാരികളും സന്നദ്ധപ്രവർത്തകരും കൈ കോർത്തതോടെ വീട് പെട്ടെന്ന് പൂർത്തിയാക്കാനായി. 640 സ്ക്വയർ ഫീറ്റിലാണ് വീട്. ഏകദേശം ഏഴ് ലക്ഷം ചെലവായി. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 3.30ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ കുടുംബത്തിന് കൈമാറും.