mm
..

എടപ്പാൾ: എടപ്പാൾ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. എടപ്പാൾ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനവും എടപ്പാൾ നീലിയാട് റോഡിന്റെ സമർപ്പണവും ജനുവരി 19ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന പരിപാടിയിൽ മന്ത്രി ഡോ. കെ.ടി ജലീൽ അദ്ധ്യക്ഷനും ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയുമായിരിക്കും.
13.75 കോടി രൂപ ചെലവിൽ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എടപ്പാൾ മേൽപ്പാലം നിർമ്മിക്കുന്നത്. എടപ്പാൾ ജംഗ്‌ഷനിൽ കുറ്റിപ്പുറം-തൃശ്ശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം നിർമ്മിക്കുക. കോഴിക്കോട് റോഡിൽ റൈഹാൻ കോർണറിൽ നിന്നാരംഭിച്ച് തൃശ്ശൂർ റോഡിലെ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിൽ പൂർണ്ണമായും പൊതുസ്ഥലത്തിലൂടെയാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഏഴര മീറ്റർ വീതിയും പാർക്കിംഗ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം നടപ്പാതയും ഉണ്ടാകും.
കുറ്റിപ്പുറം-തൃശ്ശൂർ സംസ്ഥാനപാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംഗ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ സ്ഥിരമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് നാലുവർഷം മുമ്പ് കെ.ടി ജലീൽ എം.എൽ.എ മേൽപ്പാലമെന്ന ആശയം മുന്നോട്ട് വച്ചത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും കിഫ് ബി അംഗീകരിച്ചിരുന്നു. തുടർന്നാണ് പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയത്.