പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ്ഗയെ ഭർതൃമാതാവ്
മർദ്ദിച്ച് പരിക്കേല്പിച്ചതായി പരാതി. പട്ടികകൊണ്ട് തലയ്ക്കടിയേറ്റ നിലയിൽ കനകദുർഗയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ചെവിക്കും ക്ഷതമുണ്ട്.
സംഭവത്തിൽ ഭർതൃമാതാവ് സുമതി അമ്മയ്ക്കെതിരെ (70) പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. കനകദുർഗയുടെ സുരക്ഷയുടെ ഭാഗമായി നാലു പൊലീസുകാർ വീടിനു പുറത്ത് ഡ്യൂട്ടിയിലുള്ളപ്പോഴാണ് സംഭവം. ഇതിനിടെ കനകദുർഗ്ഗ മർദ്ദിച്ചെന്ന് ആരോപിച്ച് സുമതി അമ്മയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ആനമങ്ങാട് സപ്ലൈകോ മാനേജർ ഇൻചാർജ്ജായ കനകദുർഗ്ഗയുടെ അവധി ഇന്നലെ അവസാനിക്കുന്നതിനാലാണ് വീട്ടിലെത്തിയത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടർന്ന് ജനുവരി രണ്ടിനാണ് കനകദുർഗ്ഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദർശനം നടത്തിയത്.