nn
.

മഞ്ചേരി: മെഡിക്കൽ കോളേജിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തം. നഗര മദ്ധ്യത്തോടു ചേർന്ന് പാണ്ടിക്കാട് റോഡിൽ നിന്നും ആശുപത്രിയുടെ മുന്നിലേക്കുള്ള പാത തകർന്ന് തരിപ്പണമായത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇടുങ്ങിയ പാത തകർന്നടിഞ്ഞു വാഹന ഗതാഗതം സാദ്ധ്യമല്ലാതായി. മെഡിക്കൽ കോളേജ് പാത നവീകരിക്കാൻ നഗരസഭ 45 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നീളുകയാണ്. നവീകരണ പദ്ധതിക്കു കാത്തു നിൽക്കാതെ താത്കാലിക അറ്റകുറ്റ പ്രവൃത്തികളെങ്കിലും നടത്തണമെന്ന ആവശ്യം ശക്തമാണ്.
നിരന്തരം രോഗികൾ ആശ്രയിക്കുന്ന പാതയിൽ നിന്നും നിത്യ ചന്തയിലേക്കു തിരിയുന്ന പാതയുടെ ഭാഗത്താണ് ഏറെ പ്രശ്നം. ഇവിടെ രണ്ടു വലിയ ഹമ്പുകളോടു ചേർന്ന് റോഡുപോലുമില്ലാത്ത വിധത്തിലാണ് തകർച്ച. പഴയ ബസ് സ്റ്റാന്റിലും പുതിയ ബസ് സ്റ്റാന്റിലും വന്നിറങ്ങുന്ന രോഗികളെ ഇതുവഴി കൊണ്ടുപോവാൻ ഓട്ടോ തൊഴിലാളികൾ തയ്യാറാവുന്നില്ല. മെഡിക്കൽ കോളേജിലേക്കുള്ള മറ്റു പാതകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മലപ്പുറം റോഡിൽ നിന്നുള്ള പ്രധാന പാതയും തകർച്ചയിലാണ്. കോർട്ട് റോഡിൽ മെഡിക്കൽ കോളേജിനു മുൻവശത്ത് അറ്റകുറ്റ പണി നടത്താത്തത് ആംബുലൻസുകളടക്കമുള്ള വാഹനങ്ങളെ വലയ്ക്കുന്നുണ്ട്.