പൊന്നാനി: കടുത്ത മത്സരത്തിന് കാതോർക്കുന്ന പൊന്നാനി ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ. കണക്കുകൾ കൂട്ടിയും കിഴിച്ചും, പൊന്നാനി പിടിക്കാനാകുമെന്നാണ് ഇടതുമുന്നണി ഉറപ്പിക്കുന്നത്. വീഴ്ച്ചകൾ തിരുത്താനായതിനാൽ പഴയ വിജയം ആവർത്തിക്കുമെന്ന ഉറപ്പിനൊപ്പമാണ് മുസ്ലിം ലീഗ്. പൊന്നാനി പിടിക്കാൻ മന്ത്രി കെ.ടി. ജലീലിനെ രംഗത്തിറക്കാനുള്ള ശ്രമമാണ് ഇടതുമുന്നണി നടത്തുന്നത്. ജലീൽ സന്നദ്ധനായില്ലെങ്കിൽ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെയാണ് പരിഗണിക്കുന്നത്. ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞിമുഹമ്മദും പട്ടികയിലുണ്ട്. മുസ്ലിംലീഗ് മൂന്നാംവട്ടവും ഇ.ടി. മുഹമ്മദ് ബഷീറിനെ രംഗത്തിറക്കിയേക്കും. എം.പി അബ്ദുസമദ് സമദാനിയെ സ്ഥാനാർത്ഥി ചർച്ചയുടെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നു. മലപ്പുറം പാർലമെന്റംഗം പി.കെ. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിൽ മത്സരിപ്പിക്കാനുളള ആലോചനകളും നടന്നിരുന്നു. മുത്തലാഖ്, മുന്നാക്ക സാമ്പത്തിക സംവരണം എന്നീ വിഷയങ്ങളിൽ ഉൾപ്പെടെ ലോക്സഭയിലെ ഇ. ടിയുടെ മികച്ച ഇടപെടലുകളുടെ പശ്ചാത്തലത്തിൽ മൂന്നാംവട്ടവും ഇ. ടിയെ രംഗത്തിറക്കാനാണ് മുസ്ലിംലീഗ് ആലോചിക്കുന്നത്. കെ.ടി. ജലീലിനെ മത്സരരംഗത്തിറക്കണമെന്നതാണ് സി.പി.എമ്മിൽ നിന്നുള്ള പൊതുവികാരം.ബന്ധുനിയമന വിവാദം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഒരു വിഭാഗം ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ട് മുസ്ലിം ലീഗ് നടത്തിയ രാഷ്ട്രീയ വിവാദമെന്ന നിലയിൽ ബന്ധുനിയമനത്തെ പ്രതിരോധിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. സ്ഥാനാർത്ഥിത്വ കാര്യം ഇടതുമുന്നണി നേതൃത്വം കെ.ടി. ജലീലുമായി ചർച്ച നടത്തിയിരുന്നു. പൂർണ്ണസമ്മതം ജലീലിൽ നിന്ന് ലഭിച്ചിട്ടില്ല. ജലീൽ സന്നദ്ധനായില്ലെങ്കിൽ നിയാസ് പുളിക്കലകത്തിനെയായിരിക്കും പരിഗണിക്കുക. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നിയാസുമായി ചർച്ച നടത്തിയതായാണ് വിവരം. പൊന്നാനി സി.പി.ഐയുടെ സീറ്റാണെങ്കിലും 2009 മുതൽ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇത്തവണയും സ്വതന്ത്ര ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സി.പി.ഐയോട് അടുപ്പം പുലർത്തുന്ന നിയാസിനെ സ്വതന്ത്ര്യ ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതിന് ഇരു പാർട്ടികൾക്കിടയിലും എതിരഭിപ്രായം ഉണ്ടാകില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ പി.കെ. അബ്ദുറബ്ബിനെതിരെ മത്സരിച്ച നിയാസ് ശക്തമായ മത്സരമാണ് പുറത്തെടുത്തത്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായ തിരൂരങ്ങാടിയിൽ യു.ഡി.എഫ് ഭൂരിപക്ഷം 30,208ൽ നിന്ന് 7061 ആയി കുറച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ഇരുകൂട്ടരും വളരെ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. താഴെക്കിടയിൽ വരെ കൺവെൻഷനുകൾ പൂർത്തിയാക്കി മസ്ലിം ലീഗും ശിൽപ്പശാലകൾ സംഘടിപ്പിച്ച് സി.പി. എമ്മും തിരഞ്ഞെടുപ്പിനൊരുങ്ങിക്കഴിഞ്ഞു.