പെരിന്തൽമണ്ണ: അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെന്നു പറഞ്ഞു കൊണ്ടുപോയി അവരുടെ മൊബൈൽഫോണും പണവും അപഹരിക്കുന്നയാൾ അറസ്റ്റിൽ. മലപ്പുറം മേൽമുറി ചുങ്കത്തെ കപ്പൂർ വീട്ടിൽ സുൽഫിക്കർ (40) ആണ് അറസ്റ്റിലായത്.
അന്യസംസ്ഥാന തൊഴിലാളികളെ സമീപിച്ച് തന്റെ സ്ഥലത്ത് ജോലിയുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തോ പണി പാതി നിൽക്കുന്ന വീടുകളിലോ കൊണ്ടുപോയി അവിടുത്തെ ജോലി ചെയ്യാൻ ആവശ്യപ്പെടും. ജോലിക്കിടെ അവരുടെ വസ്ത്രവുമായി മുങ്ങി പണവും മൊബൈൽ ഫോണും കവരുകയാണ് ഇയാളുടെ പതിവ്.
അന്യദേശ തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മങ്കട എസ്.ഐ സതീഷ്,
അഡി.എസ്.ഐമാരായ സുരേന്ദ്രൻ, ബാലമുരുകൻ സി.പി.ഒമാരായ പ്രവീൺ, നസീർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.