എടക്കര:മഹാമാരിവിതച്ച പ്രളയത്തിൽ വീട് തകർന്ന വാഴത്തോട്ടത്തിൽ അലക്സാണ്ടറിന് വീടൊരുക്കി കാക്കിക്കുള്ളിലെ കാരുണ്യം. എടക്കര ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ. പ്രതീഷ് കുമാർ എടക്കര പൊലീസ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ അലക്സാണ്ടറിന് കൈമാറി. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് അദ്ധ്യക്ഷയായി. എടക്കര സി.ഐ. സുനിൽ പുളിക്കൽ പദ്ധതി വിശദീകരണം നടത്തി . ഇക്കഴിഞ്ഞ കാലവർഷക്കെടുതിയിലാണ് എടക്കര കൗക്കാട് വാഴത്തോട്ടത്തിൽ ഉലഹന്നാന്റെ മകൻ അലക്സാണ്ടറുടെ വീട് നിലംപൊത്തിയത്.
640 സ്ക്വയർ ഫീറ്റിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. ഇതിനായുള്ള തുക മുഴുവനായും എടക്കര സ്റ്റേഷനിലെ പൊലീസുകാരാണ് സംഭരിച്ചത്.
എട്ട് ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം. ആഗസ്റ്റ് 27ന് സി.ഐ. സുനിൽ പുളിക്കൽ തറക്കല്ലിട്ട വീട് നാലുമാസം കൊണ്ടാണ് പണി തീർത്തത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി വി.കെ. പൗലോസ് , ജില്ലാ പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, ശ്രീവിവേകാനന്ദ പഠനകേന്ദ്രം കാര്യദർശി ഭാസ്ക്കരപിള്ള, സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അനിൽ ലൈലാക് സ്വാഗതവും എ.എസ്.ഐ കുഞ്ഞുമുഹമ്മദ്നന്ദിയും പറഞ്ഞു.