മഞ്ചേരി: ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗക്കെതിരെ മഞ്ചേരിയിൽ ശബരിമല കർമ്മ സമിതി പ്രവർത്തകരുടെ പ്രതിഷേധം. ഭർതൃവീട്ടിൽ നിന്നു മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴായിരുന്നു പ്രവർത്തകർ ആശുപത്രി പരിസരത്തേക്കു സംഘടിച്ചെത്തിയത്. പൊലീസ് അകമ്പടിയോടെ ആംബുലൻസിൽ എത്തിച്ച യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയിലും കഴുത്തിലും കൈകളിലും ക്ഷതമേറ്റ കനക ദുർഗ്ഗയ്ക്ക് ഛർദ്ദിയുണ്ടായതിനെ തുടർന്ന് ഡോക്ടർമാർ ന്യൂറോ സർജന്റെ അഭാവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകി കോഴിക്കോട്ടേക്കു കൊണ്ടുപാവാൻ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആശുപത്രി പരിസരത്തെത്തി. ശബരിമല കർമ്മ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ യുവതിക്കെതിരെ പ്രതിഷേധമുയരുകയായിരുന്നു. മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകരെ മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, സി.ഐ. എൻ.ബി ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. പിന്നീട് പൊലീസ് സുരക്ഷയിൽ പ്രതിഷേധങ്ങൾക്കിടെ കനകദുർഗ്ഗയുമായി ആംബുലൻസ് കോഴിക്കോട്ടേക്കു തിരിച്ചു. പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചാണ് ആതുരാലയ പരിസരം ശാന്തമാക്കിയത്.