മലപ്പുറം: ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾ നിർബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ കെ.സുഗുണൻ അറിയിച്ചു. രജിസ്ട്രേഷൻ ചെയ്യാത്ത പക്ഷം ആരാധനാലയങ്ങളിലെ നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരാധനാലയങ്ങളിലെ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുൾപ്പെടെയുളള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.
ആരാധനാലയങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിർമ്മാണവും വിതരണവും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണം. ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, മുസ്ലിം പളളികൾ എന്നിവ കർശനമായും നിബന്ധനകൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ ഭക്ഷണ വിതരണത്തിന്റെ ചുമതലയുളളയാൾ ഓൺലൈൻ വഴി തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകണം. 100 രൂപയാണ് വാർഷിക അപേക്ഷാഫീസ്. ഭക്ഷ്യ വസ്തുക്കൾ ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉളള സ്ഥാപനങ്ങളിൽ നിന്നു മാത്രം വാങ്ങാൻ ആരാധനാലയങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭക്ഷണം പാകം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0483 2732121 ,8943346190