മലപ്പുറം: ചെറിയമുണ്ടം ഗവ: ഐ.ടി.ഐയിൽ 4.77 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് മൂന്നിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി ഡോ. കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ മുഖ്യാതിഥികളാകും. ചെറിയമുണ്ടത്തെ നരിയറക്കുന്നിൽ അനുവദിച്ച 2.5 ഏക്കറിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. നിലവിൽ രണ്ട് ട്രേഡുകളിലായി 120ലധികം വിദ്യാർത്ഥികൾ ചെറിയമുണ്ടം ഗവ: ഐ.ടി.ഐയിലുണ്ട്. പുതിയ ബഹുനില കെട്ടിടം സജ്ജമായതോടെ പുതിയ കോഴ്സുകൾ തുടങ്ങാനുള്ള നടപടികൾ തുടങ്ങിയതായി വി. അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു.