gg
.

വളാഞ്ചേരി: അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്ന സാഹചര്യത്തിൽ വട്ടപ്പാറ വളവിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ഫെബ്രുവരി നാലിന് തുടങ്ങുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെയും പൊലീസ്, മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാവും എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുക. ഇതു വഴിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോധവത്കരണവും മുന്നറിയിപ്പും എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ച് നൽകാനും തീരുമാനിച്ചു. ഗതാഗത നിയമം, റോഡ് സുരക്ഷാ മര്യാദകൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുക. വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്തുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നതിനാലാണ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി നാലു മുതൽ ഏഴ് വരെ നടക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. കുറ്റിപ്പുറം പൊന്നാനി റോഡിൽ അപകടം കുറയ്ക്കുന്നതിനാവശ്യമായ ശാസ്ത്രീയ നടപടി സ്വീകരിക്കും. മോങ്ങത്ത് ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നത് സംബന്ധിച്ച പരാതിയിൽ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. . ആർ.ടി.ഒ അനൂപ് വർക്കി, ഡിവൈ.എസ്‌.പി ജലീൽ തോട്ടത്തിൽ, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ എസ്.ഹാരിസ്, റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു, സെക്രട്ടറി കെ.പി ബാബു ഷെരീഫ്, നാഷണൽ ഹൈവേ അസി.എക്‌സിക്യുട്ടീവ് എൻജിനീയർ എം.കെ. സിനി, റോഡ് കൗൺസിൽ മെമ്പർ പി.ശങ്കരനാരായണൻ, റോഡ് സുരക്ഷാ അതോറിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.