hh
.

മലപ്പുറം: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജില്ലയിൽ. ഡിസംബറിലൊഴികെ 371 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നവംബറിലാണ് ഏറ്റവും കൂടുതൽ കേസുകളുണ്ടായത്. 59 എണ്ണം. ജൂലൈ, ഒക്ടോബർ മാസങ്ങളിലും നാൽപ്പതിന് മുകളിൽ കേസുകളുണ്ടായി. ഓരോ മാസവും ശരാശരി 25 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഞ്ച് വയസ് മുതൽ പീ‌ഡനത്തിന് ഇരയായ കുട്ടികൾ ഇക്കൂട്ടത്തിലുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നു. അടുത്ത ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും പീഡനത്തിന് ഇരയാവുന്നവരുടെ എണ്ണവും കുറവല്ല. സംസ്ഥാനത്ത് തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ എടപ്പാൾ തിയേറ്റർ പീ‌ഡനക്കേസിനും പോയ വർഷം ജില്ല സാക്ഷിയായി. അമ്മയുടെ മൗനാനുവാദത്തോടെ ബാലികയ്ക്ക് നേരെ നടന്ന പീഡനം മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 152 കേസുകളുടെ വർദ്ധനവാണുണ്ടായത്. ജനസംഖ്യ കുടൂതലാണെന്നതും കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നതുമാണ് കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. 363 കേസുകളുമായി തിരുവനന്തപുരവും 261 കേസുകളുമായി തൃശൂരുമാണ് ജില്ലയുടെ പിന്നിലുള്ളത്. എറണാകുളം - 248, കോഴിക്കോട് - 253 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 2,900 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2012 മുതൽ ജില്ലയിൽ 1,207 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. തീർപ്പാക്കുന്നതിൽ വേഗത വേണം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തെ അപേക്ഷിച്ച് തീർപ്പാക്കുന്നവയുടെ എണ്ണം തീരെ കുറവാണ്. കേസുകളുടെ വേഗത്തിലുള്ള നടത്തിപ്പിന് പ്രത്യേക പോക്സോ കോടതിയെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. കേസുകൾ നീളുന്നതും കുറ്റവാളികൾക്ക് യഥാസമയം ശിക്ഷ ഉറപ്പാക്കാനാവാത്തതും കുട്ടികളെ മാനസികമായടക്കം ബാധിക്കുന്നുണ്ട്. അതിക്രമങ്ങൾക്ക് ഇരയാവുന്ന കുട്ടികളുടെ സുരക്ഷ മുൻനിറുത്തി നിർഭയ ഹോമുകളിലാണ് താമസിപ്പിക്കാറുള്ളത്. കേസുകളിൽ തീർപ്പായ ശേഷമാണ് സാധാരണ ഗതിയിൽ ഇവിടെ നിന്ന് ഇവരെ വീടുകളിലേക്ക് പോലും മാറ്റാറുള്ളത്. പോക്സോ നിയമപ്രകാരം പരമാവധി ഒരുവർഷത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണമെന്നാണ് നിയമമെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. വർഷം കേസ് 2017 219 2016 244 2015 182 2014 117 2013 90 2012 12