hhh
.l

മഞ്ചേരി: കെ.എസ്.ഇ.ബി പ്രാവർത്തികമാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതി കൂടുതൽ പേരിലേക്കെത്തിക്കാൻ നടപടികളായി. പദ്ധതിക്കു അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 31 വരെ നീട്ടി. വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയും ചെലവുചുരുക്കലുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. വൈദ്യുതിമേഖലയുടെ സമഗ്രവികസനത്തിന് മൂന്നുവർഷം കൊണ്ട് നടപ്പാക്കാൻ അഞ്ചു വൻപദ്ധതികൾക്കാണ് ഊർജ്ജവകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ഇതിനായി ആവിഷ്‌കരിച്ച സൗര പദ്ധതിയിലുൾപെടുത്തി പ്രാവർത്തികമാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയാണ് ഏറെ ആകർഷകം. അനർട്ടിന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളുടെ മേൽക്കൂരകളിൽ സോളാർ പാനൽ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. വൈദ്യുതിബോർഡ് സൗജന്യമായി പാനൽ ഘടിപ്പിക്കും. ഉപഭോക്താവിന് വാടകയെന്ന പോലെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പത്തുശതമാനം നൽകുന്നതാണ് ഒരു മാതൃക. ബാക്കി ഗ്രിഡിലേക്ക് നൽകും. ഉപഭോക്താവിന് പണച്ചെലവില്ല. പാനലിന്റെ തുടർപരിപാലനം കെ.എസ്.ഇ.ബി നിർവഹിക്കും. രണ്ടാംമാതൃകയിൽ കെട്ടിട മേൽക്കൂരകളിൽ സംരംഭകന്റെ ചെലവിൽ കെ.എസ്.ഇ.ബി സൗരനിലയം സ്ഥാപിക്കും. ഇതിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങുകയോ മുഴുവൻ വൈദ്യുതിയും ഉപഭോക്താവിന് നിശ്ചിത വിലയ്ക്ക് നൽകുകയോ ചെയ്യും. 25 വർഷത്തേക്കാണ് കെ.എസ്.ഇ.ബിയും ഉപഭോക്താവും തമ്മിൽ കരാറിലേർപ്പെടുക. അഞ്ചുവർഷ ഇടവേളയിൽ കരാർ പുതുക്കാനും പിൻവാങ്ങാനും അവസരമുണ്ട്. മഞ്ചേരി , കൊണ്ടോട്ടി, പെരിന്തൽമണ്ണ ഡിവിഷനുകൾ ഉൾപ്പെട്ട മഞ്ചേരി സർക്കിളിന് കീഴിൽ പദ്ധതി പ്രകാരം ഇതുവരെ 750 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്രയും യൂണിറ്റുകൾ സ്ഥാപിക്കുകവഴി 3.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. രജിസ്‌ട്രേഷൻ കാലാവധിക്കുള്ളിൽ കൂടുതൽപേർ പദ്ധതിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. സെക്‌ഷൻ ഓഫീസുകളിലോ www.sourakseb.in വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്താൽ മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പുരപ്പുറ സൗരോർജ്ജ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷനുള്ള സമയം ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട് ടി.യു. ശോഭന ഡെപ്യൂട്ടി ചീഫ് എൻജിനീയർ 30 മെഗാവാട്ട് വൈദ്യുതി മഞ്ചേരി സർക്കിളിനു കീഴിൽ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം