jj
പിടിച്ചെടുത്ത സ്വർണവുമായി നിലമ്പൂർ സി.ഐ കെ.എം.ബിജു

കടത്തിയത് ഹോംതീയേറ്റർ സ്പീക്കറിനകത്ത് ഒളിപ്പിച്ച്

നിലമ്പൂർ: വിദേശത്തുനിന്നും കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്തിയ 2.316 കിലോഗ്രാം സ്വർണവുമായി രണ്ടുപേരെ നിലമ്പൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പെരുമ്പിടരി സ്വദേശി നെല്ലിക്കാവട്ടയിൽ മുജീബ് (42), പട്ടാമ്പി വിളയൂർ സ്വദേശി മൂളാക്കൽ വിനീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ഹോംതിയേറ്റർ സ്പീക്കറിൽ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഒളിപ്പിച്ച് ഗ്രീൻചാനൽ വഴിയാണ് സ്വർണം കടത്തിയത്. 24 കാരറ്റ് ഗുണമേന്മയുള്ളതാണ് സ്വർണം. വിപണിയിൽ 80 ലക്ഷത്തോളം വിലമതിക്കും.

2.200 കിലോഗ്രാം സ്വർണക്കട്ടിയും 116 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്‌കറ്റുമാണ് പിടിച്ചെടുത്തത്. കാരിയറായ വിനീഷാണ് ദുബായിൽ നിന്നും സ്വർണം കൊണ്ടുവന്നത്. സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള മുജീബ് വാഹനവുമായെത്തി കരിപ്പൂരിൽ നിന്നും വിനീഷിനെ കൂട്ടിക്കൊണ്ടുപോയി. സ്പീക്കറിനു പിറകിൽ പ്രത്യേകം തയ്യാറാക്കിയ കനമുള്ള ഇരുമ്പുസിലിണ്ടറിനകത്ത് സ്വർണം കട്ടിയാക്കി അലുമിനീയം ഫോയിൽപേപ്പർ കൊണ്ട് പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയിൽ ഇവ കണ്ടെത്താനായിരുന്നില്ല. നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയതായി പ്രതികൾ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രമുഖരടക്കം കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.

കരിപ്പൂർ വഴി ജില്ലയിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളിലൊളിപ്പിച്ച് വൻതോതിൽ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രൻ, നിലമ്പൂർ സി.ഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് ഇവരെ പിടികൂടിയത്.