മലപ്പുറം: ശബരിമല ദർശനം നടത്തിയ കനകദുർഗയുടെയും ബിന്ദുവിന്റെയും മാവോയിസ്റ്റ് ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കനകയുടെ സഹോദരൻ ഭരത്‌ഭൂഷണും ബി.ജെ.പി നേതാക്കളും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കനകദുർഗ വിശ്വാസിയല്ലെന്നും ഭർതൃവീട്ടിലെ മുറിയിൽ നിന്ന് പ്രസാദവും മാലയും സാനിറ്ററി നാപ്കിനും പഴയ തുണിയിൽ ഒരുമിച്ച് കെട്ടിയ നിലയിൽ കണ്ടെത്തിയെന്നും ഇവർ ആരോപിച്ചു.
കനകദുർഗയുടെ അമ്മയും സഹോദരനും സി.പി.എമ്മിന്റെയും പൊലീസിന്റെയും ഭീഷണിയിലാണെന്നും കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെങ്കിലും സംരക്ഷണം നൽകുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ പറഞ്ഞു. ഭീഷണി തുടർന്നാൽ സി.പി.എം ഗുരുതര ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കനകദുർഗ തീവ്രചിന്താഗതിക്കാരുടെ ആർപ്പോ ആർത്തവത്തിൽ എത്തിപ്പെട്ടതും സംശയാസ്പദമാണ്. സിറ്റിംഗിന് ലക്ഷങ്ങൾ വേണ്ട വക്കീലുമാരെ സുപ്രീംകോടതിയിൽ ഹാജരാക്കിയതിന് പിന്നിലാരെന്നത് തെളിയണം. കനകദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചെന്നത് വ്യാജ പരാതിയാണ്. അയ്യപ്പഭക്തരോടും ഹിന്ദുസമൂഹത്തോടും പരസ്യമായി മാപ്പ് പറഞ്ഞാലേ കനകദുർഗയെ വീട്ടിൽ കയറ്റൂ. ശബരിമല ദർശനത്തിൽ നിന്ന് കനകദുർഗയെ പിന്തിരിപ്പിക്കാനുള്ള ശ്രമം കോട്ടയം എസ്.പി ഹരിശങ്കറും സംസ്ഥാന സർക്കാരുമാണ് പരാജയപ്പെടുത്തിയത്- സഹോദരൻ ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനും പങ്കെടുത്തു.