hhh
ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പി.ആർ. നമ്പ്യാർ സ്മാരക പുരസ്കാരം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് ബിനോയ് വിശ്വം എം.പി സമ്മാനിക്കുന്നു

മലപ്പുറം: വിദ്യാർത്ഥികളുടെ സർഗ്ഗശേഷി കൂടി വളർത്തുന്ന തരത്തിലാവും പുതിയ പാഠ്യപദ്ധതി പരിഷ്കരണമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പി.ആർ. നമ്പ്യാർ സ്മാരക പുരസ്കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ യഥാർത്ഥ കഴിവുകളെ പരിമിതപ്പെടുത്തുന്നതാണ് നിലവിലെ പാഠ്യപദ്ധതി. സർഗ്ഗശേഷി കൂടി വളർത്തിയാലേ നാളെയുടെ പ്രതിഭകളെ വാർത്തെടുക്കാനാവൂ. വിദ്യാഭ്യാസ രംഗത്തെ പണത്തിന്റെയും വർഗ്ഗീയതയുടെയും അതിശക്തമായ കുത്തൊഴുക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തെ മായ്ച്ചു കളയുമെന്ന തിരിച്ചറിവിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കം കുറിച്ചത്. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മികവ് വർദ്ധിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. എൽ.പി, യു.പി ക്ലാസുകൾ കൂടി ഹൈടെക്കാവുന്നതോടെ രാജ്യത്ത് വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി അവാർഡ് ദാനവും വിദ്യാഭ്യാസ സാംസ്കാരിക സദസും ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി.കെ. ഗോപി, വി. ചാമുണ്ണി എന്നിവരെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.