താനൂർ: എറെ കോളിളക്കമുണ്ടാക്കിയ സവാദ് കൊലക്കേസിലെ ഒന്നാംപ്രതി ഓമച്ചപ്പുഴ സ്വദേശി കൊളത്തൂർ ബഷീറിന്(40) കോടതി ജാമ്യം അനുവദിച്ചതിനെച്ചൊല്ലി പൊലീസും റവന്യൂ അധികൃതരും തമ്മിൽ ഭിന്നത ഉടലെടുത്തു. 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാഞ്ഞതിനാലാണ് ജാമ്യം ലഭിച്ചത്. വില്ലേജ് ഓഫീസർ സംഭവസ്ഥലത്തിന്റെ സ്കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാതിരുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതെന്ന് കോടതിയിൽ ബോധിപ്പിച്ചതായി താനൂർ സി.ഐ എം.ഐ.ഷാജി പറഞ്ഞു. വില്ലേജ് ഓഫീസർക്കെതിരെ കേസെടുക്കാൻ അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു. അതേ സമയം ഒരു മാസം മുമ്പാണ് ചാർജ്ജെടുത്തതെന്നുംറവന്യൂപട്ടയമേള, പ്രളയദുരിതബാധിതർക്കുള്ള ധനസഹായ വിതരണം എന്നിവ സംബന്ധിച്ച ജോലിത്തിരക്കു മൂലമാണ് സ്കെച്ച് നൽകാൻ കഴിയാതിരുന്നതെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. കേസിനെപ്പറ്റി തനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ലെന്നും വൈകിയാണ് പൊലീസ് വിവരങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച വിശദീകരണം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
കഴിഞ്ഞ വർഷം ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചുടി സ്വദേശിയായ സവാദും ഭാര്യ സൗജത്തും മക്കളും തയ്യാല ഓമച്ചപ്പുഴയിൽ വാടക ക്വാർട്ടേഴസിൽ താമസിച്ചു വരുന്നതിനിടയിലാണ് കൊലപാതകം നടന്നത്. സൗജത്തും വിദേശത്തുള്ള കാമുകനായ ബഷീറും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വിദേശത്തായിരുന്ന ബഷീർ അവിടെയുള്ള സുഹൃത്തുക്കളോട് പറയാതെ കൊല നടത്താനായി നാട്ടിലേക്ക് വരികയായിരുന്നു.വീട്ടുകാർ അറിയാതെ മംഗലാപുരത്ത് വിമാനമിറങ്ങി, അവിടെ പഠിക്കുകയായിരുന്ന നാട്ടുകാരനായ സുഹൃത്തിന്റെ കാറിൽ കോഴിക്കോട്ടെത്തി റൂമെടുത്ത് താമസിച്ചു. നാലിന് രണ്ടുമണിയോടെ സൗജത്ത് തുറന്നിട്ട പിൻവാതിലിലൂടെ അകത്ത് കടന്ന് മകളോടൊപ്പം ഉറങ്ങുകയായിരുന്ന സവാദിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്താൻ സൗജത്ത് കഴുത്തറുത്തു. തിരിച്ച് വിദേശത്തേക്ക് കടന്ന ബഷീർ പ്രവാസികളുടെയും പൊലീസിന്റെയും സമ്മർദ്ദത്തിൽ പിടിച്ചു നിൽക്കാ൯ കഴിയാതെ നാട്ടിലെത്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതികളെ രണ്ടുദിവസത്തിനുള്ളിൽ തന്നെ അറസ്റ്റു ചെയ്തതിൽ നാട്ടുകാർ പൊലീസിനെ അഭിനന്ദിച്ചിരുന്നു.