മലപ്പുറം: കരിപ്പൂരിൽ അസൗകര്യങ്ങളുണ്ടെന്നും പ്രദേശവാസികൾ വികസനത്തെ എതിർക്കുന്നവരാണെന്നും വരുത്തിതീർത്ത് വിമാനത്താവളത്തെ തകർക്കാൻ അണിയറയിൽ നീക്കം സജീവമാക്കിയതായി കരിപ്പൂർ ഭൂമിയേറ്റെടുക്കൽ വിരുദ്ധ സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോടികൾ ചെലവഴിച്ച് വിപുല സൗകര്യങ്ങളോടെയുള്ള പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യാനിരിക്കെ മറ്റൊരു ടെർമിനലിന് വേണ്ടി പള്ളിക്കലിൽ നിന്നും 137 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഇതിന്റെ ഭാഗമാണ്.
നിലവിലുള്ള ടെർമിനലും റൺവേയുമായി ഒരുബന്ധവുമില്ലാത്ത പ്രദേശങ്ങൾ ഏറ്റെടുക്കാനുള്ള ശ്രമം തന്നെ സംശയാസ്പദമാണ്. ഡി.ജി.സി.എയും വിവിധ എയർലൈൻ കമ്പനികളുമടക്കം ഉപേക്ഷിച്ച ഭൂമിയേറ്റെടുക്കലെന്ന ആവശ്യം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതും നികുതിയിൽ കണ്ണൂരിന് മാത്രം പ്രത്യേക ഇളവ് നൽകിയതുമെല്ലാം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. ഇനിയൊരു ടെർമിനലെന്നത് യുക്തിസഹമല്ല. റൺവേ റീകാർപ്പറ്റിംഗിന്റെ പേരിൽ വലിയ വിമാനങ്ങൾ നിരോധിക്കുകയും ഭൂമിയേറ്റെടുത്ത് റൺവേയുടെ നീളവും വീതിയും കൂട്ടാതെ വലിയ വിമാനങ്ങളിറങ്ങാൻ സാദ്ധ്യമല്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്ത ശക്തികൾ തന്നെയാണ് വീണ്ടും കരിപ്പൂരിനെതിരെ രംഗത്തുവരുന്നത്. റൺവേ നീളവും വീതിയും കൂട്ടുന്നതിനു പകരം നിലവിലുള്ള റൺവേയുടെ നീളം കുറച്ചു റിസയുടെ നീളം വർദ്ധിപ്പിച്ചാണ് വലിയ വിമാനങ്ങൾ വീണ്ടും കരിപ്പൂരിൽ സർവീസ് പുനരാരംഭിച്ചത്. ഭൂമിയേറ്റെടുക്കൽ വിവാദം ഉയർത്തിക്കൊണ്ടുവന്ന് കരിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധസമരങ്ങളുമായി രംഗത്തിറങ്ങും. നിരവധി തവണ ഭൂമി വിട്ടുനൽകിയ പ്രദേശവാസികളെ അനാവശ്യമായി കുടിയിറക്കാനുള്ള നീക്കം ശക്തമായി നേരിടുമെന്ന് ഭാരവാഹികളായ സി.മുഹമ്മദ് അലി, സി. ജാസിർ, ആലുങ്ങൽ ആസിഫ് അറിയിച്ചു.