മഞ്ചേരി: മഞ്ചേരിയിൽ ഓട്ടോ തൊഴിലാളിയെ വാഹനമിടിപ്പിച്ചു അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. സംഭവത്തെ തുടർന്ന് നഗരത്തിൽ ഓട്ടോ തൊഴിലാളികൾ മിന്നൽ പണിമുടക്കു നടത്തി. നഗരത്തിൽ തുടരുന്ന അനധികൃത ഓട്ടോ സർവീസ് ചോദ്യം ചെയ്ത തൊഴിലാളിക്കു നേരെയാണ് അതിക്രമമുണ്ടായത്.മഞ്ചേരി മുനിസിപ്പൽ ഓട്ടോ തൊഴിലാളി കോർഡിനേഷൻ ട്രഷറർ കെ. ദേവദാസിനെയാണ് ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ നഗരത്തിൽ മിന്നൽ പണിമുടക്കു നടത്തി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ചയാണ് ദേവദാസിനെ ബൈക്കിൽ സഞ്ചരിക്കവേ മറ്റൊരു വാഹനമിടിപ്പിച്ച് അപായപെടുത്താൻ ശ്രമിച്ചതെന്ന് പ്രതിഷേധക്കാർ പറയുന്നു. തലയ്ക്ക് പരിക്കേറ്റ ദേവദാസ് മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺട്രാക്ട് കാരേജ് ടാക്സിയായി മാത്രം ഓടാൻ പറ്റുന്ന ഓൾ കേരള പെർമിറ്റുള്ള ആപ്പ ഓട്ടോകൾ സ്റ്റാന്റിറിലിട്ടു ഓടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ദേവദാസിനെ ആക്രമിച്ചതെന്ന് കോർഡിനേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നും ഇവർ പറഞ്ഞു.പ്രതിഷേധവുമായി രംഗത്തെത്തിയ ഓട്ടോ തൊഴിലാളികൾ വാഹനങ്ങൾ നിരത്തുവക്കിൽ നിറുത്തിയിട്ടു നഗരത്തിൽ പ്രകടനം നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന പോലിസിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പാറ്റൽ
സംഘങ്ങളുടെ
റാഞ്ചൽ
ജില്ലയിൽ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ മഞ്ചേരിയിൽ അനധികൃതമായി പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ നിരത്ത് കൈയടക്കുന്നത് തടയുന്നതിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പരാജയമാണെന്ന പരാതി വ്യാപകമാണ്.
സ്ഥിരമായുള്ള നിരീക്ഷണത്തിന്റെ അഭാവത്തിൽ നിയമവിധേയമായി സർവീസ് നടത്തുന്ന ഓട്ടോ തൊഴിലാളികൾ സമാന്തര സർവീസിനാൽ നിലനിൽപ്പു ഭീഷണി നേരിടുന്നുണ്ട്.
പാറ്റൽ എന്ന പ്രാദേശിക വിശേഷണമുള്ള ഓട്ടോറിക്ഷകളുടെ അനധികൃത സർവീസ് സംബന്ധിച്ച് ഓട്ടോ തൊഴിലാളികളും വിവിധ സംഘടനകളും നിരന്തരം പരാതി നൽകിയിട്ടും ഇത് ഫലപ്രദമായി തടയാൻ മഞ്ചേരിയിൽ നിയമ പാലകർക്കായിട്ടില്ല.
കഴിഞ്ഞ വർഷം ട്രാഫിക് പൊലിസ് നഗരത്തിൽ പരിശോധന നടത്തി അനധികൃത സർവീസിലേർപ്പെട്ട 25 ഓട്ടോറിക്ഷകൾ പിടികൂടിയിരുന്നു. എന്നാലിതിന്റെ തുടർച്ച പിന്നീടുണ്ടായില്ല. ഇതോടെ നഗരം കേന്ദ്രീകരിച്ചുള്ള അനധികൃത സർവീസ് പെരുകുകയാണ്.
ആയിരത്തിയഞ്ഞൂറോളം ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്ന മഞ്ചേരിയിൽ നിയമത്തിന്റെ അനുമതി ഇല്ലാതെ നൂറുകണക്കിന് ഓ്ട്ടോറിക്ഷകളാണ് നിരത്തിലിറങ്ങുന്നത്. സ്റ്റാന്റിൽ കയറാതെ റോഡുകളിൽ കറങ്ങി യാത്രക്കാരെ കയറ്റി പോകുന്ന രീതിയാണ് ഇത്തരക്കാർ അവലംബിക്കുന്നത്.