road
കളക്ടറേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാരായ സി. മമ്മുട്ടി,​ ടി.എ. അഹമ്മദ് കബീർ,​ പി. ഉബൈദുള്ള തുടങ്ങിയവർ പങ്കെടുത്തപ്പോൾ

മലപ്പുറം: ജില്ലയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 102 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് (റോഡ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കളക്ടറേറ്റ് കോൺഫനൻസ് ഹാളിൽ നടന്ന ജില്ലാവികസന സമിതി യോഗത്തിലാണ് ഈക്കാര്യം അറിയിച്ചത്. നേരത്തേ അനുവദിച്ച തുകയിൽ 40.5കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. 45 കോടി രൂപയാണ് പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് നേരത്തെ അനുവദിച്ചിരുന്നത്. അതിൽ 90 ശതമാനം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പ്രളയത്തിൽ പൂർണ്ണമായും ഒലിച്ചുപോയ വണ്ടൂർ നടുവത്ത്‌ വടക്കുംപാടം റോഡ് കലുങ്ക് എസ്.എൽ.ഡി.എഫ് ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിച്ചിട്ടുണ്ട്. മങ്കട വലമ്പൂർ, നിലമ്പൂർ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ കാരണം കേടുപാടുകൾ സംഭവിച്ച റോഡുകളെല്ലാം പുനർനിർമിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.പ്രളയത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് 21.11 കോടിയുടെ നഷ്ടപരിഹാരം നൽകിയതായി കൃഷി പ്രിൻസിപ്പൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ 25 കോടി 49 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് കാർഷിക മേഖലയിൽ സംഭവിച്ചത്. അതിൽ 21 കോടി 11 ലക്ഷത്തിന്റെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഇനി നാലുകോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ വിതരണം ചെയ്യാനുള്ളുവെന്നും കൃഷി ഓഫീസർ അറിയിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി നഷ്ടപരിഹാരത്തിനായി 17,000പരം അപേക്ഷകളാണ് ലഭിച്ചത്പ്രളയത്തിനുശേഷം മൈനർ ഇറിഗേഷൻ ഡിവിഷനു കീഴിൽ വിവിധ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി 69.91 ലക്ഷം രൂപയും സിവിൽ പ്രവൃത്തികൾക്കായി 179.74 ലക്ഷം രൂപയും അനുവദിച്ചതായി മൈനർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയിലെ എല്ലാ ബാങ്കുകളിലെയും ജപ്തിനടപടികൾ മാർച്ച് 31 വരെ നിർത്തിവെക്കാനുള്ള നിർദേശം നൽകുമെന്ന് ലീഡ് ബാങ്ക് മാനേജർ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു. പ്രളയത്തെ തുടർന്ന് ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ബാങ്കുകളിലെ ജപ്തി നടപടികൾ മാർച്ച് 31 വരെ നിർത്തിവെയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ ചില ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നുണ്ടെന്ന കാര്യം സി. മമ്മുട്ടി എംഎൽഎയാണ് ജില്ലാ വികസന സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് ഉടൻ നൽകുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. കഴിഞ്ഞ അധ്യയനവർഷത്തിൽ ആറ് സ്‌കൂളുകളിലേക്ക് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് അനുവദിച്ച കമ്പ്യൂട്ടറുകൾ ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വികസന സമിതി യോഗത്തിൽ അറിയിച്ചു. ഒരാഴ്ചക്കകം മുഴുവൻ കമ്പ്യൂട്ടറുകളും വിതരണം ചെയ്യും. എം.പി ലാഡ്‌സ് ഫണ്ടിൽ ഉൾപ്പെടുത്തി ബസുകൾ അനുവദിച്ച മുഴുവൻ സ്‌കൂളുകൾക്കും ബസുകൾ വിതരണം ചെയ്തതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മഞ്ചേരി, തൃക്കലങ്ങോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകൾ ശക്തിപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മാർച്ച് 30 നകം പണി പൂർത്തീകരിക്കുമെന്നും കെ.എസ്.ഇ.ബി എഞ്ചിനീയർ അറിയിച്ചു. പൂക്കളത്തൂരിലെ പുതിയ സെക്ഷൻ ഓഫീസ് തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കെ.എസ്.ഇ.ബി എഞ്ചിനീയർ അറിയിച്ചു. യോഗത്തിൽ എം.എൽ.എമാരായ പി. ഉബൈദുള്ള, സി.മമ്മൂട്ടി, ടി.എ അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, വൈസ്പ്രസിഡന്റ് സക്കീന പുൽപ്പാടൻ, മലപ്പുറം മുൻസിപ്പൽ ചെയർപേഴ്‌സൺ സി.എച്ച് ജമീല, നിയമസഭാസ്പീക്കറുടെ പ്രതിനിധിയായി പി.വിജയൻ, പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതിനിധിയായി സലീം കുരുവമ്പലം, പിവി അബ്ദുൾ വഹാബ് എംപിയുടെ പ്രതിനിധി അഡ്വ.സിദ്ദീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ വി. ജഗൽകുമാർ എന്നിവർ പങ്കെടുത്തു.