മലപ്പുറം: വനിതാ കമ്മീഷൻ നടത്തിയ മെഗാ അദാലത്തിൽ 16 പരാതികൾ തീർപ്പാക്കി. കമ്മീഷന് മുന്നിൽ വന്ന 67 കേസുകളിൽ 39 കേസുകളാണ് ഇന്നലെ പരിഗണിച്ചത്. ബാക്കിയുള്ള കേസുകൾ 24 ന് നടക്കുന്ന അടുത്ത അദാലത്തിൽ പരിഗണിക്കുമെന്ന് വനിതാകമ്മീഷൻ അംഗം ഇ.എം രാധ പറഞ്ഞു.
പ്രസവം നിർത്താൻ വിസമ്മതിച്ച ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടും ചെലവ് നൽകാൻ ആവശ്യപ്പെട്ടും യുവതി വനിതാകമ്മീഷന് മുന്നിലെത്തി. നാലു കുട്ടികളുള്ള യുവതിയാണ് പ്രസവം നിർത്താൻ വിസമ്മതിച്ച ഭർത്താവിനെതിരെ പരാതി നൽകിയത്. ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ കമ്മീഷൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടർന്ന് സഹോദരനെ വിളിച്ച് ഇയാളെ അടുത്ത അദാലത്തിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ വനിതാ സെൽ ഇൻസ്‌പെക്ടർ ഷാർലെറ്റ് മാണി, എസ്.ഐ കുമാരി, അഭിഭാഷകരായ ബീന, പ്രീതി ശിവരാമൻ തുടങ്ങിയവരും പങ്കെടുത്തു.