പെരിന്തൽമണ്ണ: നഗരസഭയിൽ 34 വാർഡുകളിലായി 868 പേർ അംഗങ്ങളുള്ള ജൈവ പച്ചക്കറി ക്ലബ് നിത്യോപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ സ്വന്തം പുരയിടത്തിൽ തന്നെ വിളയിക്കാനായി വേനൽക്കാല കൃഷിക്കൊരുങ്ങുന്നു. നഗരസഭയുടെ ജീവനം പദ്ധതി ദ്വൈമാസ ശുചിത്വ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് കൃഷി നടത്തുന്നത്.
ടെറസിലോ, പുരയിടത്തിലോ കുറഞ്ഞത് 150 സ്‌ക്വയർ ഫീറ്റ് സ്ഥലത്തെങ്കിലും പച്ചക്കറി കൃഷി ചെയ്യാൻ കഴിയുന്നവരെയാണ് പച്ചക്കറി ക്ലബിൽ അംഗമാക്കിയിരിക്കുന്നത്. കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം പൂർണ്ണമായും ജൈവ രീതിയിലാണ് ക്ലബ്ബംഗങ്ങൾ കൃഷി നടത്തുക. വീടുകളിലെ ജൈവ മാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന വളം ഇതിനായി ഉപയോഗപ്പെടുത്തും. ഹരിതസേനാംഗങ്ങൾ നേരിട്ട് ക്ലബ്ബംഗങ്ങളുടെ വീടുകളിലെത്തി വിത്തുകൾ നൽകും.
പച്ചക്കറിവിത്തുകൾ ക്ലബ്ബംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ക്ലബംഗവും റിട്ട. എഞ്ചിനീയറുമായ പി.വി സുഹ്റാബിക്ക് നൽകി കൊണ്ട് നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നിർവ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ കെ.സി മൊയ്തീൻ കുട്ടി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ നിഷി അനിൽരാജ്, നഗരസഭ സെക്രട്ടറി എസ്.അബ്ദുൽ സജീം, കൗൺസിലർ തെക്കത്ത് ഉസ്മാൻ, കൃഷി ഓഫീസർ മാരിയത്ത് കിബ്ത്തിയ്യ, കൗൺസിലർ കാരയിൽ സുന്ദരൻ സംസാരിച്ചു.