നിലമ്പൂർ: സ്വതന്ത്ര തീവണ്ടിയാക്കിയ നിലമ്പൂർ തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ്സ് മെയ് 9 മുതൽ സർവ്വീസ് നടത്തും. ഇതു സംബന്ധിച്ച് റെയിൽവേ പുതിയ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. 16349 ാം നമ്പർ കൊച്ചുവേളി നിലമ്പൂർ റോഡ് എക്‌സ്പ്രസ്സ് കൊച്ചുവേളിയിൽ നിന്നും രാത്രി 8.50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.50ന് നിലമ്പൂരിലെത്തിച്ചേരും.16350 ാം നമ്പർ നിലമ്പൂർ റോഡ് കൊച്ചുവേളി എക്‌സ്പ്രസ്സ് രാത്രി 8.50ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം 6 മണിക്ക് കൊച്ചുവേളിയിലെത്തും വിധമാണ് പുതുക്കിയ ടൈംടേബിൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതൊടൊപ്പം സ്വതന്ത്രമാക്കിയ തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മാത്രവുമല്ല ഷൊർണ്ണൂർ സ്റ്റേഷനിലെത്താതെയാകും അമൃത സർവ്വീസ് നടത്തുക. അമൃത എക്‌സ്പ്രസ്സിന് കൊല്ലങ്കോട് അധികമായി സ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്. രാജ്യറാണിക്ക് ആകെ 13 കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ റെയിൽവേ പ്രഖ്യാപിച്ച പുതിയ സമയക്രമത്തിൽ ഇപ്പോൾ തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്.