child-labour
ബാലവേല

മഞ്ചേരി: ഹോട്ടലിൽ ബാലവേല ചെയ്തു വരികയായിരുന്ന ആസാം സ്വദേശിയായ പത്തു വയസ്സുകാരനെ ചൈൽഡ് വെൽഫെയർ കമ്മറ്റി സർക്കാർ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെരിന്തൽമണ്ണ പട്ടിക്കാട് ചുങ്കത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിൽ കുട്ടി ജോലി ചെയ്യുന്നതു കണ്ട നാട്ടുകാരാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കുട്ടിയുടെ സാമൂഹ്യ പശ്ചാത്തല റിപ്പോർട്ട് പത്തുദിവസത്തിനകം സമർപ്പിക്കണമെന്ന് ആസാം മറിഗോ ജില്ല ശിശു സംരക്ഷണ ഓഫീസറോട് മലപ്പുറം ഡി.ഡബ്ല്യു.സി ആവശ്യപ്പെട്ടു. അതോടൊപ്പം ബാലവേലയെന്ന കുറ്റകൃത്യം നടത്തിയ ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്കും മേലാറ്റൂർ ജുവനൈൽ പൊലീസ് യൂണിറ്റിനും നിർദ്ദേശം നൽകി. സി.ഡബ്ല്യു.സി സിറ്റിംഗിൽ അംഗങ്ങളായ അഡ്വ. നജ്മൽ ബാബു കൊരമ്പയിൽ, അഡ്വ. ഹാരിസ് പഞ്ചിളി, അഡ്വ. കവിതാ ശങ്കർ എന്നിവർ പങ്കെടുത്തു. ബാലവേല നിരോധന നിയമപ്രകാരവും ബാലനീതി നിയമ പ്രകാരവും 14 വയസ്സു വരെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും 18 വയസ്സു വരെയുള്ളരെക്കൊണ്ട് അപകടസാധ്യതയുള്ള ജോലി ചെയ്യിക്കുന്നതും ക്രിമിനൽ കുറ്റമാണ്.