താനൂർ: ഉന്നത തൊഴിൽ പരിശീലന പദ്ധതി കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നത് സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. ചെറിയമുണ്ടം ഗവ: ഐ.ടി.ഐയ്ക്കായി 4.77 കോടി രൂപ ചെലവിൽ നിർമിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഐ.ടി.ഐകളിലെ മികച്ച
ട്രേഡുകളിലുള്ളവർക്ക് വിദേശ രാജ്യങ്ങളിൽ ഉന്നത പരിശീലനം നൽകുന്ന പദ്ധതി ഇതിനകം തുടങ്ങി. ആദ്യഘട്ടത്തിൽ വിവിധ ഐ.ടി.ഐകളിലെ 57 ട്രേഡുകളിലുള്ളവരെ സിംഗപ്പൂരിൽ പരിശീലനത്തിന് അയച്ചു. പരിശീലന പദ്ധതി വിപുലീകരിക്കുന്നതോടെ കൂടുതൽ പേർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഐ.ടി.ഐകളും ദേശീയ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഐ.ടി.ഐകളിൽ ഉന്നത നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകളും പുതിയ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ചുള്ള പഠനരീതികളും നിലവിൽ വരികയാണ്. കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരം ആധുനിക കാലത്തിന് അനുയോജ്യമായട്രേഡുകൾക്ക് തുടക്കം കുറിച്ചു. ചെറിയമുണ്ടം ഐ.ടി.ഐയിൽ തൊഴിൽ സാധ്യതയുള്ള പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറിയമുണ്ടത്തെ നരിയറക്കുന്നിൽ അനുവദിച്ച 2.5 ഏക്കറിലാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വി.
അബ്ദുറഹ്മാൻ എം.എൽ.എ അധ്യക്ഷനായി. മന്ത്രി കെ.ടി ജലീൽ മുഖ്യാതിഥിയായി. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുസലാം, പഞ്ചായത്തംഗങ്ങളായ സി.പി അബ്ദുൽ റഷീദ്, അറമുഖൻ, ടി റഷീബ, എൻ.വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.