മലപ്പുറം: ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ആരാധനാലയങ്ങളോട് അനുബന്ധിച്ച് ഭക്ഷണങ്ങൾ സൗജന്യമായി വിതരണം ചെയ്യുകയോ
വിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രസാദം വിതരണം ചെയ്യുന്ന ക്ഷേത്രങ്ങൾ, നേർച്ച വിരുന്ന് നടത്തുന്ന മസ്ജിദുകൾ, കുർബാന അപ്പം നൽകുന്ന ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയവയെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. വർഷത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാതെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിത്. ആരാധനാലയങ്ങളിൽ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഇടങ്ങളിലും സ്റ്റോർ റൂമുകളിലും വൃത്തിയും ശുചിത്വവും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. വാങ്ങുന്ന വസ്തുക്കളുടെ ബില്ലുകൾ സൂക്ഷിച്ച് വയ്ക്കുകയും സാധനങ്ങൾ ഗുണനിലവാരമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. ലൈസൻസുള്ള പാചകക്കാരെ
മാത്രം ജോലി ഏൽപ്പിക്കാവൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു. രജിസ്‌ട്രേഷൻ സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ആരാധനാലയ ഭാരവാഹികളുടെ യോഗം ചേർന്നു. അസി. കലക്ടർ വികൽപ് ഭരദ്വാജ്,
ഭക്ഷ്യസുരക്ഷാ അസി. കമ്മീഷനർ കെ സുഗുണൻ, ഇൻസ്‌പെക്ടർ കെജി രമിത, വിവിധ ആരാധനാലയങ്ങളുടെ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആരാധനലായ കമ്മിറ്റികളുടെ ഭാരവാഹികളിൽ ഒരാളുടെ തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. ഭക്ഷണം പാകം ചെയ്യുന്നവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ജലം പരിശോധിച്ച സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2732121, 8943346190.