ponnani
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ചികിത്സക്കെത്തിയവർ വരിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി ജീവനക്കാരോട് സംസാരിക്കുന്നു.

പൊന്നാനി: മാതൃ ശിശു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരെ വരി നിറുത്തിയതിന് ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും സ്പീക്കറുടെ ശകാരം. ഞായറാഴ്ച്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാഷ്വാലിറ്റിക്കു മുന്നിൽ നീണ്ട വരിയായി നിൽക്കുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് കണ്ടത്. ടോക്കൺ സിസ്റ്റം അനുസരിച്ചായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാലിത് നടപ്പായിരുന്നില്ല. ഡോക്ടറെ കാണാൻ വരി നിൽക്കണമെന്നാണ് നിർദ്ദേശിച്ചതെന്ന് ചികിത്സ തേടിയെത്തിയവർ സ്പീക്കറോട് പറഞ്ഞു. ഇത്രയേറെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പരമ്പരാഗതവും പ്രാകൃതവുമായ രീതി തുടരുന്നത് ശരിയല്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് സ്പീക്കർ പറഞ്ഞു.ഈ രീതി നാളെ മുതൽ ഉണ്ടാകരുതെന്ന് കണിശമായി പറയുകയും ചെയ്തു.

പരിശോധനക്കെത്തുന്നവർക്ക് ടോക്കൺ നൽകണം. നമ്പർ എത്തുന്നതു വരെ ഇരിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടാകണം. മണിക്കൂറുകൾ വരിനിന്ന് ഡോക്ടറെ കണ്ടു മടങ്ങുന്ന രീതി അനുവദിക്കാനാകില്ല.
കാഷ്വാലിറ്റിയുടെ മുന്നിൽ ചികിത്സ തേടി എത്തുന്നവർക്ക് ഇരിക്കാൻ സൗകര്യമൊരുക്കണമെന്ന് സ്പീക്കർ നഗരസഭ ചെയർമാന് നിർദ്ദേശം നിൽകി. ആവശ്യമായ കസേരകൾ ആശുപത്രിയിലുണ്ടെന്നും ഇന്ന് രാവിലെ തന്നെ അവ സ്ഥാപിക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.

ആശുപത്രിക്ക് പുറത്തെ ഫാൾസ് സീലിംഗ് അടർന്നുവീണ സംഭവത്തിൽ പി ഡബ്ലിയു ഡി കെട്ടിടവിഭാഗത്തോട് വിശദീകരണം തേടിയിട്ടുണ്ട്. നിർമ്മാണത്തിലുണ്ടായ വീഴ്ച്ചയാണ് സീലിംഗ് അടർന്നു വീഴാൻ കാരണം. ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് ഒരു നിലക്കും ബാധിച്ചിട്ടില്ല. ഫാൾസ് സീലിംഗ് അടർന്നു വീണതിനെ പർവ്വതീകരിച്ച് അവതരിപ്പിക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമാണെന്നും സ്പീക്കർ പറഞ്ഞു. ആശുപത്രി ഫെബ്രുവരിയോടെ പൂർണ്ണ സജ്ജമാകും. ഓപ്പറേഷൻ തിയ്യേറ്റർ അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയാവുകയാണ്. ആശുപത്രിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്ന് സ്പീക്കർ പറഞ്ഞു.