ponnani
പൊന്നാനിയിൽ നടപ്പാക്കുന്ന പെപ്പർ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.


പൊന്നാനി: പെപ്പർ പദ്ധതിയിലൂടെ പൊന്നാനി സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി മാറുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിക്കുന്ന പൊന്നാനി പെപ്പർ പദ്ധതിയുടെയും ഏകദിന ശിൽപശാലയുടെയും ഉദ്ഘാടനം പൊന്നാനി റൗബ്ബ റസിഡൻസി ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യാത്രകളെ അറിവുകളാക്കി മാറ്റുകയാണ് ടൂറിസത്തിന്റെ ലക്ഷ്യം. വൈവിധ്യങ്ങളുടെ അനുഭവമാണ് യാത്ര. പെപ്പർ പദ്ധതിയോടനുബന്ധിച്ച് ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് പെപ്പർ. ടൂറിസം സാദ്ധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പങ്കാളിത്ത ടൂറിസം ആസൂത്രണ പ്രക്രിയയാണിത്. ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയിൽ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാധ്യതകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ചടങ്ങിൽ പൊന്നാനി നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സത്യൻ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി. ജയകുമാരൻ നായർ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ബിജി സേവ്യർ എന്നിവർ സംസാരിച്ചു.

ശിൽപശാലയിൽ പെപ്പർ ടൂറിസം പദ്ധതിയും പൊന്നാനിയിലെ ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓർഡിനേറ്റർ കെ. രൂപേഷ് ക്ലാസ്സ് എടുത്തു. സ്‌പെഷ്യൽ ടൂറിസം ഗ്രാമസഭ എന്ന വിഷയത്തിൽ മിഷൻ കോഓർഡിനേറ്റർ ബിജി സേവ്യറും കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ സിബിൻ പി പോൾ ടൂറിസം റിസോഴ്‌സ് മാപ്പിംഗ് എന്ന വിഷയത്തിലും സംസാരിച്ചു.