ponnani
പൊന്നാനി മസ്രി പള്ളി മുസ്രിസ് സംഘം സന്ദർശിക്കുന്നു.

പൊന്നാനി: നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ പൈതൃക സംരക്ഷണം മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമാക്കാൻ ധാരണ.നിലവിൽ പഴയ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിനും പറവൂരിനുമിടയിലെ ചരിത്ര സ്മാരകങ്ങളും പൈതൃകങ്ങളും ജലപാതകളുമെല്ലാം കോർത്തിണക്കുന്ന വിനോദസഞ്ചാര പദ്ധതിയാണ് മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതി. ഇതിന്റെ ഭാഗമാക്കി പൊന്നാനിയെ കൂടി ഉൾപ്പെടുത്താനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സ്‌പൈസസ് റൂട്ടിന്റെ ഭാഗമായാണ് പൊന്നാനിയെ മുസ്രിസ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

പൊന്നാനി നഗരസഭ പരിധിയിലെ ചരിത്ര സ്മാരകങ്ങൾ, കെട്ടിടങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, ഊടുവഴികൾ, പളളികൾ, ക്ഷേത്രങ്ങൾ, പൊതുനിരത്തുകൾ, തറവാടുകൾ, കമ്പോളങ്ങൾ എന്നിവയാണ് പൈതൃക സംരക്ഷണത്തിന്റെ ഭാഗമാക്കുക. ഏതെല്ലാമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന കാര്യത്തിൽ പട്ടിക തയ്യാറാക്കുന്നുണ്ട്.

പൊന്നാനിയുടെ പൈതൃക സംരക്ഷണം സംബന്ധിച്ച വിശദമായ ഡി പി ആറാണ് തയ്യാറാകുന്നത്. പൊന്നാനിയിലെ പൈതൃക സംരക്ഷണ മേഖലകൾ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന തരത്തിലാണ് പതിക്ക് രൂപം നൽകുന്നത്. നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി മുസ്രിസ് സംഘം ഇക്കാര്യത്തിൽ ചർച്ച നടത്തി.

പുതുക്കി പണിത പഴയ കെട്ടിടങ്ങൾ പഴയ മാതൃകയിലേക്ക് മാറ്റുന്നത് പരിഗണിക്കും. പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പഴയ മാതൃക നിശ്ചയിച്ചു നൽകും. സംരക്ഷിത കെട്ടിടങ്ങളോടു ചേർന്ന വഴികൾ ടൈൽ പാകി ആകർഷകമാക്കും. സംരക്ഷണ കാര്യത്തിൽ യാതൊരു വിധ അടിച്ചേൽപ്പിക്കലും ഉണ്ടാകില്ല. സംരക്ഷിക്കപ്പെടേണ്ട കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഉടമകളുമായും ട്രസ്റ്റുകളുമായും ചർച്ച നടത്തും.ഇവരുടെ പൂർണ്ണ സമ്മതത്തോടെയായിരിക്കും സംരക്ഷണ നടപടികൾ സ്വീകരിക്കുക.നഗരത്തോടു ചേർന്ന ഇടവഴികളും മുക്കുകളും കോറിഡോറുകളാക്കി മാറ്റും.പൈതൃ സംരക്ഷണ മേഖലകളെ ബന്ധിപ്പിച്ച് സൈക്ലിംഗ് ഒരുക്കും. ജി പി എസ് സംവിധാനത്തോടെയുള്ള സൈക്ക്‌ളിംഗാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ജലപാതയുമൊരുക്കും.

പൈതൃക സംരക്ഷണത്തിന്റെ ഭാഗമാക്കി സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന പൊന്നാനിയിലെ മിസ് രി പള്ളി മുസ്‌രിസ് സംഘം സന്ദർശിച്ചു. നാനൂറ് വർഷത്തിലേറെ പഴക്കമുള്ളതും മഖ്ദൂം സാമൂതിരി ബന്ധത്തിന്റെ ദൃഢതയും ഈജിപ്തുമായുള്ള വ്യാപാര സൈനിക അടുപ്പത്തിന്റെ ശേഷിപ്പുമായ മിസ്‌രി പള്ളിയുടെ ചുറ്റുഭാഗങ്ങൾ നവീകരണാർത്ഥം പൊളിച്ചത് വലിയ ചർച്ചയായിരുന്നു. പള്ളി പഴമയോടെ നിലനിറുത്തി പൈതൃക സംരക്ഷണത്തിന്റെ ഭാഗമാക്കി മാറ്റണ ആവശ്യത്തെ തുടർന്ന് നിയമ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് മുസ്രിസ് സംഘം പള്ളിയിലെത്തിയത്. പള്ളി പഴമയോടെ സംരക്ഷിക്കാൻ തയ്യാറാണെന്ന് പള്ളി കമ്മിറ്റി ഭാരവാഹികളും സമ്മതമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണ നടപടികളുമായി മുസ്രിസ് സംഘം സന്ദർശിച്ചത്.

ഹെറിറ്റേജ് ആർക്കിടക്ട് ഡോ.ബെന്നി കുര്യാക്കോസ്, മുസ്രിസ് പ്രൊജക്ട് എം ഡി അഷറഫ്, കൊച്ചി ബിനാലെ ക്യൂറേറ്റർ ബോണി തോമസ് എന്നിവരാണ് മിസ്‌രി പള്ളിയിലെത്തിയത്.പൊന്നാനിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മുസ്രിസ് പൈതൃക പദ്ധതിയുടെ ആദ്യ പ്രവൃത്തിയായി മിസ്‌രി പള്ളിയുടെ നവീകരണം ഏറ്റെടുക്കും.ഈ മാസം 29 ന് ചേരുന്ന ബോർഡ് മീറ്റിംഗിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പഴമ നിലനിറുത്തി കൊണ്ട് പളളി കമ്മിറ്റി ചെയ്യുന്ന പ്രവൃത്തികൾക്ക് പുറമെയായിരിക്കും മുസ്രിസ് പദ്ധതിയുടെ ഭാഗമായുള്ള സംരക്ഷണ പ്രവൃത്തികൾ നടക്കുക.