calicut
കാലിക്കറ്റ് സർവകലാശാലയിൽ സജ്ജമാക്കിയ സ്വിമ്മിംഗ് പൂൾ

തേഞ്ഞിപ്പലം: അഞ്ചര കോടി രൂപ ചിലവിട്ട് കാലിക്കറ്റ് സർവകലാശാലയിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ പൂർണ്ണസജ്ജമായി ഒരുമാസം പിന്നിട്ടിട്ടും നീന്തൽതാരങ്ങൾക്ക് തുറന്നുകൊടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഒഴിവും കാത്ത് ഉദ്ഘാടനം നീണ്ട് പോവുന്നതാണ് ഇതിനുകാരണം. മലബാറിലെ ആദ്യത്തെ അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളാണ് കാലിക്കറ്റിൽ സജ്ജമായത്. 10 ട്രാക്കുകളോട് കൂടി 50 മീറ്റർ മത്സര പൂളും 25 മീറ്റർ വാം അപ് പൂളുമാണ് പണി പൂർത്തിയായിരിക്കുന്നത്. ചെറിയ കുട്ടികളടക്കമുള്ളവർക്ക് പരിശീലനത്തിന് കാലിക്കറ്റിലെ നീന്തൽകുളം സഹായകമാവും.

കായിക മേഖലയിൽ ഒട്ടേറെ ദേശീയ അന്തർദേശീയ പ്രതിഭകളെ സമ്മാനിച്ച കാലിക്കറ്റ് സർവകലാശാലയിൽ മികച്ച നീന്തൽ താരങ്ങളെയും വാർത്തെടുക്കാൻ സഹായിക്കുന്നതാണ് പുതിയ സ്വിമ്മിംഗ് പൂൾ. അഞ്ച് വർഷം മുമ്പ് നീന്തലിൽ കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായിരുന്നു. മികച്ച നിലവാരമുള്ള ഈ പദ്ധതിവരുന്നതോടെ ഈ രംഗത്ത് കൂടുതൽ ശോഭിക്കാൻ സർവകലാശാലക്കാകും. സർവകലാശാലാ വിദ്യാർഥികൾക്കു മാത്രമല്ല നാട്ടുകാർക്കും സ്‌കൂൾ കോളേജുകളടക്കമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം വിഭാവനചെയ്യുന്നത്. ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് വേദി ഒരുക്കാവുന്ന കാലിക്കറ്റിന് ഇനി ബഹുദൂരം നീന്തിക്കയറാനാവും. 25 ലക്ഷം ലിറ്റർ വെള്ളമാണ് പൂളിന്റെ സംഭരണ കപ്പാസിറ്റി. ഒരു തവണവെള്ളം നിറച്ചാൽ ഒരു വർഷത്തേക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ശുദ്ധീകരണ സംവിധാനമുള്ള ആധുനിക രീതിയിലാണ് പൂൾ നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും മഴവെള്ള സംഭരണത്തെ ആശ്രയിച്ചാണ് ഇതിന്റെ പ്രവർത്തനം. പുരുഷ വനിതാ നീന്തൽ പരിശീലകരെയും ഇവിടെ നിയമിക്കും. മലബാറിലെ തന്നെ ഏറ്റവും സൗകര്യപ്രഥമായ സ്വിമ്മിംഗ് പൂളാണ് സർവകലാശാലയിൽ നിർമ്മിച്ചതെന്ന് കായിക വകുപ്പ് മേധാവി ഡോ. വി പി.സക്കീർ ഹുസൈൻ പറഞ്ഞു.