തിരൂരങ്ങാടി: ഒരുവർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പ്രവൃത്തി പൂർത്തിയാവാത്തിനെ തുടർന്ന് നന്നമ്പ്ര സ്റ്റേഡിയം കായികപ്രേമികൾക്ക് ഉപയോഗിക്കാനാവുന്നില്ല. കഴിഞ്ഞ ഫെബ്രവരി 15നാണ് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തി തുടങ്ങിയത്. ഇതു ഇനിയും എവിടെയും എത്തിയിട്ടില്ല. സ്റ്റേജ്, ഗ്യാലറി, ടോയ്‌ലറ്റ്, ഡ്രസ്സിംഗ് റൂം, കിണർ, ടാങ്ക്, സ്റ്റേഡിയം മിനുസ്സപ്പെടുത്തൽ എന്നീ പ്രവൃത്തികൾക്കായി പഞ്ചായത്ത് 48 ലക്ഷം രൂപയും വകയിരിത്തിരുന്നു. ഇവയുടെ പ്രവർത്തികൾ ഇനിയും കഴിഞ്ഞിട്ടില്ല. 1983 കാലഘട്ടത്തിൽ തുടങ്ങി വെച്ച സ്റ്റേഡിയമാണ് കായിക പ്രേമികൾക്ക് മുന്നിൽ നോക്കുകുത്തിയാവുന്നത്.
വർഷങ്ങൾക്കുമുമ്പേ നിർമ്മാണ പ്രവൃത്തി ആരംഭിച്ച സ്റ്റേഡിയത്തിന്റെ ആധാരം അടക്കമുള്ള രേഖകൾ പഞ്ചായത്തിൽ ലഭ്യമല്ല. മാത്രമല്ല സ്റ്റേഡിയം നിർമാണത്തിന് എത്ര രൂപ നീക്കിവെച്ചെന്നും എത്ര രൂപ ചെലവഴിച്ചെന്നും രേഖകളില്ല. സ്റ്റേഡിയം പ്രവൃത്തികളിൽ അഴിമതി ആരോപണവും ശക്തമാണ്. ഭരണകക്ഷിയായ മുസ്‌ലിം ലീഗിൽ തന്നെ ഇതുസംബന്ധിച്ച് കടുത്ത വിഭാഗീയതയാണ് ഉണ്ടായിട്ടുള്ളത്. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപിച്ച് ഇന്നലെ ഡി.വൈ.എഫ്.ഐ നന്നമ്പ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയത്തിന് റീത്ത് സമർപ്പിച്ച് വേറിട്ട പ്രതിഷേധവുംസംഘടിപ്പിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗറിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയത്തിൽ സമാപിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം ഷാഹുൽ മേലേപ്പുറം, മേഖല സെക്രട്ടറി ഫുഹാദ് മോൻ, വാഹിദ്, ഫിർദൗസ്, പ്രശാന്ത്, ജമാൽ, റംഷീദ്, ഫൈസൽ എന്നിവർ സംസാരിച്ചു. സ്റ്റേഡിയം അഴിമതിക്കെതിരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് റീത്ത് സമർപ്പിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നത്.