നിലമ്പൂർ: ചന്തക്കുന്നിലെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ചു. സ്ഥലത്തിന്റെ അതിരുകൾ തീരുമാനിക്കുന്നതിനായി കൗൺസിൽ നിയോഗിച്ച ഉപസമിതിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.ബസ്സ് സ്റ്റാൻഡിനോട് ചേർന്ന് ആധുനിക മത്സ്യ മാർക്കറ്റും ആരംഭിക്കുന്നുണ്ട്. ഇതിനായി പൊതുവഴി നൽകുന്നതോടെ രണ്ടര സെന്റ് സ്ഥലവും അധികമായി ലഭിക്കും. 89 സെന്റ് സ്ഥലത്താണ് മുഴുവൻ സൗകര്യത്തോടെയും ഉള്ള ബസ് സ്റ്റാൻഡ് നിർമ്മാണം നടത്തുന്നത്. ഇതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവർത്തികൾ നടന്നു വരികയാണ്. ഏകദേശം എട്ട് കോടിരൂപ ചെലവിട്ടാണ് നഗരസഭ ബസ്സ് സ്റ്റാൻഡ് നിർമ്മാണം നടത്തുന്നത്. കേരള അർബ്ബൻ ആൻഡ് റൂറൽ ഡവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ വഴി വായ്പ ലഭ്യമാക്കിയാണ് നിർമ്മാണം നടത്തുന്നത്. നഗരസഭ ചെയപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ പി.വി.ഹംസ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എഗോപിനാഥ്,കൗൺസിലർമാരായ പി.എം.ബഷീർ, മുസ്തഫ കളത്തുംപടിക്കൽ, നഗരസഭ സെക്രട്ടറി, എഞ്ചിനീയർ എന്നവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.