എടക്കര: പ്രായത്തിന്റെ അവശത മറികടന്ന് കൂരിക്കാടൻ മുഹമ്മദിന്റെ കാർഷിക വിജയഗാഥ. ഏത് കൃഷിയായാലും ഒറ്റക്ക് ചെയ്യുക എന്നതാണ് മററു കൃഷിക്കാരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. നെൽകൃഷി ജീവിതചര്യയാക്കിയ ചാത്തൻമുണ്ട സുൽത്താൻപടി സ്വദേശി ഇത്തവണ കൃഷിയൊന്ന് മാറ്റിപ്പിടിച്ചു. കൊയ്തൊഴിഞ്ഞ പാടത്ത് വിത്തെറിഞ്ഞ എള്ള് കൃഷിയിൽ കൊയ്തെടുത്തത് നൂറുമേനി വിളവ്. ഉപ്പട ആനകല്ലിൽ പാട്ടത്തിനെടുത്ത രണ്ട് ഏക്കർ കൃഷിഭൂമിയിലാണ് എള്ള് വിളയിച്ചെടുത്തത്. ഇക്കഴിഞ്ഞ പ്രളയ കെടുതിയിൽ പാണ്ടിപ്പുഴയുടെ ബണ്ട് തകർന്ന് ഏക്കറ് കണക്കിന് നെൽകൃഷി നശിച്ചെങ്കിലും പതറിയില്ല. പ്രകൃതിയിൽ അർപ്പിച്ച വിശ്വാസം ചതിച്ചില്ല എന്ന് എള്ള് കൊയ്തെടുക്കവെ ഇദ്ദേഹം പറയുന്നു. മററു വിളകളേക്കാൾ ചിലവ് കുറവാണ് എള്ള് കൃഷിക്ക് . കീടബാധയും കുറവ്. കള മാത്രം പറിച്ചാൽ മതിയാവും. നട്ട് നാല് മാസം പ്രായമാകുന്നതോടെ ഇലകളും കായും മഞ്ഞനിറം ബാധിക്കും. പിന്നെ മൂടോടെ കൊയ്തെടുത്ത് അട്ടിക്കിടും. ഒരാഴ്ച കഴിഞ്ഞാൽ ചെടികൾ കുടഞ്ഞെടുക്കാം. കറുത്ത എളളിന് ആവശ്യക്കാരേറെയാണെന്നും കിലോക്ക് 200 രൂപ ലഭിക്കുമെന്നും മുഹമ്മദ് പറയുന്നു. ഒരു കാലത്ത് നെല്ല് മാത്രം കൃഷി ചെയ്തിരുന്ന അറുപത്തഞ്ചുകാരൻ വിവിധ ഇനം കൃഷികളിലേക്ക് ചേക്കേറി. ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക പച്ചക്കറികളും ഇന്ന് നാട്ടുമ്പുറത്തുകാർക്ക് സുലഭമാണ്. ചുങ്കത്തറ, എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്നതാണ് കൃഷിയിടം. എല്ലാ കൃഷിയും പാട്ടഭൂമിയിലാണ്. ഒറ്റക്കുള്ള കൃഷി പരിചരണ പ്രവർത്തനം ആരോഗ്യത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്. കൃഷി സമ്പന്നമാക്കിയതാണ് തന്റെ ആരോഗ്യമെന്നും ജീവിതത്തിലെ വിജയങ്ങൾക്കെല്ലാം നിദാനമായത് കൃഷിയിൽ പാലിക്കേണ്ട കൃത്യനിഷ്ഠ ജീവിതത്തിലും പകർത്തിയത് കാരണമാണെന്നും മുഹമ്മദ് പറയുന്നു.