പൊന്നാനി: സ്പീക്കറുടെ ശാസന ഫലം കണ്ടു. പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ വരി നിൽക്കാതെ ഡോക്ടറെ കാണാനുള്ള നടപടികൾ ആരംഭിച്ചു. പൊന്നാനിയിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാനായി ഏറെ നേരം വരിനിന്ന് വലയേണ്ടി വരില്ല. രോഗികൾ വരി നിൽക്കുന്നത് കണ്ട് കഴിഞ്ഞ ദിവസം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ജീവനക്കാരെ ശാസിച്ചിരുന്നു. ഇതോടെയാണ് ക്യൂ സ്റ്റിസ്റ്റം നിർത്തലാക്കി ടോക്കൺ നമ്പർ പ്രകാരം രോഗികളെ കടത്തിവിടാൻ തീരുമാനമായത്. സ്പീക്കറുടെ ശാസനയെത്തുടർന്ന് തിങ്കളാഴ്ച അടിയന്തരമായി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞിയുടെയും, സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീന്റെയും നേതൃത്വത്തിൽ ആശുപത്രിയിൽ നടന്ന യോഗത്തിൽ പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തു. ഒ.പിയിൽ നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡുകളിൽ ചിലത് പ്രവർത്തിക്കാത്തതിന് പരിഹാരം കാണാനും, ഒ.പി.യ്ക്ക് മുൻവശത്തായി രോഗികൾക്ക് ഇരിക്കുന്നതിന് വേണ്ടി കൂടുതൽ കസേരകൾ സജ്ജീകരിക്കാനും തീരുമാനമായി.എന്നാൽ ഒ.പി. കൗണ്ടറിനു മുന്നിൽ രോഗികൾ കൂട്ടമായി നിൽക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, കൂടുതൽ സംവിധാനങ്ങളുള്ള ആശുപത്രിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ഡോ.സുരേഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.