sibab
സിബാഖ് ദേശീയ കലോത്സവത്തിനായി യാത്രപുറപ്പെടുന്ന ദാറുൽഹുദാ ആസാം കാമ്പസ് വിദ്യാർത്ഥികൾക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകുന്നു.

തിരൂരങ്ങാടി: ഇസ്ലാമിക കലകളുടെ തനിമയും ഭാഷാ വൈഭവവും അരങ്ങുതകർക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവകലാശാലയുടെ സിബാഖ് ദേശീയ കലോത്സവത്തിൽ മാറ്റുരക്കാൻ നിറപ്രതീക്ഷകളുമായി ഇതര സംസ്ഥാന വിദ്യാർഥികൾ കേരളത്തിലേക്ക് യാത്ര തിരിച്ചു. ദാറുൽഹുദായുടെ ആസാം കാമ്പസിലെ നാൽപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരടങ്ങുന്ന ആദ്യ സംഘമാണ് ഇന്നലെ കേരളത്തിലേക്കു ട്രെയിൻ കയറിയത്. വാഴ്സിറ്റിയുടെ ആസാം കാമ്പസ്സിനു പുറമെ വെസ്റ്റ് ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും നൂറു കണക്കിന് വിദ്യാർത്ഥികളാണ് നാല് ദിനങ്ങളിലായി നടക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിൽ മാറ്റുരക്കാനായി എത്തുക. ദാറുൽഹുദായുടെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇസ്ലാം ആൻഡ് കണ്ടംപററി സ്റ്റഡീസി (നിക്സ്) നു കീഴിലുള്ള എട്ട് സ്ഥാപനങ്ങളിലെ വിദ്യർത്ഥികൾക്കായി പ്രത്യേക വിഭാഗത്തിലാണ് മത്സരങ്ങൾ. ബിദായ (സെക്കണ്ടറി ഒന്നാം വർഷം) ഊലാ (സെക്കണ്ടറി രണ്ട്, മൂന്ന് ) ഥാനിയ (സെക്കണ്ടറി നാല്, അഞ്ച് ) എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിധികർത്തകളായെത്തുന്നതും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 24 വ്യാഴാഴ്ച പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന മത്സരാർത്ഥികൾക്ക് രാജകീയ വരവേൽപ്പൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സിബാഖ് സംഘാടകർ.