nilambur
എൻ.ഡി.ആർ.എഫ്


മലപ്പുറം: ദുരന്ത നിവാരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും പ്രളയാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത സാധ്യതകൾ വിലയിരുത്തുന്നതിനും ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ജില്ലയിലെത്തി. ആർക്കോണത്ത് നിന്ന് എൻ.ഡി.ആർ.എഫ് ടീം കമാൻഡർ എ.കെ അമറിന്റെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. ഞായറാഴ്ച ജില്ലയിലെത്തിയ സംഘം ഇന്നലെ രാവിലെ ജില്ലാകളക്ടർ അമിത് മീണയുമായും ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
പ്രളയം ഏറ്റവുമധികം ആഘാതമുണ്ടാക്കിയ പ്രദേശങ്ങളിൽ 31 വരെ സംഘം സന്ദർശനം നടത്തും. ഭാവിയിൽ ദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ ഏകോപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കുക എന്നതാണ് ദൗത്യം. ഇതിന്റെ ഭാഗമായി ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ദുരന്തങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയെക്കുറിച്ച് വിവരശേഖരണം നടത്തും. ജില്ലാഭരണകൂടം തയ്യാറാക്കിയ മാപ്പുകളും ഇതിനായി പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. മറ്റ് സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.
പ്രളയം നാശം വിതച്ച പൊന്നാനി, തിരൂർ താലൂക്കുകളിലാണ് ഇന്നത്തെ സന്ദർശനം. രാവിലെ പൊന്നാനിയിലെത്തുന്ന സംഘം പുറത്തൂർ, വെളിയംകോട് എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തും. നാളെ പൊന്നാനി എം.ഇ.എസ് കോളജിൽ നടക്കുന്ന പരിപാടിയിൽ സന്നദ്ധസംഘടനാ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ദുരന്തനിവാരണ ബോധവത്കരണ ക്ലാസ് നൽകും. 25ന് കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ബോധവത്കരണ പരിപാടി. 24 ന് തവനൂരിലെ ഓൾഡ് ഏജ് ഹോം സന്ദർശിക്കുന്ന ദുരന്തനിവാരണ സംഘം 26 ന് മലപ്പുറം ഫയർ സ്റ്റേഷനും മഞ്ചേരി മെഡിക്കൽ കോളജും സന്ദർശിക്കും. 27 ന് ചേളാരി ഐ.ഒ.സി പ്ലാന്റിലാണ് സന്ദർശനം.
28 ന് നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായ ചെട്ടിയമ്പാറ മതിൽമൂല കോളനി സന്ദർശിക്കും. നിലമ്പൂർ, കരുവാരകുണ്ട്, കൽക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ 29ന് സന്ദർശനം നടത്തും. 30 ന് നിലമ്പൂർ മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബോധവത്കരണ പരിപാടി നടത്തും. വിദ്യാർഥികളും സന്നദ്ധ സംഘടനാപ്രവർത്തകരും പങ്കെടുക്കും. ജനുവരി 31 ന് ജില്ലാ കളക്ടറുമായും ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും വീണ്ടും കൂട്ടിക്കാഴ്ച നടത്തി വിവരശേഖരണത്തിന്റെ വിശദാംശങ്ങളും നിർദേശങ്ങളും സമർപ്പിക്കും.