പരപ്പനങ്ങാടി :പരപ്പനങ്ങാടിയിൽ മുസ്ലിം ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ചു.സദ്ദാം ബീച്ച് കളരിക്കൽ റോഡിലെ മുസ്ലിം ലീഗ് നേതാവും എസ്.ടി.യു തിരൂരങ്ങാടി മണ്ഡലം ട്രഷററുമായ ചേക്കാലി അബ്ദുറസാഖിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട പൾസർ ബൈക്കാണ് കത്തിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ബൈക്ക് കത്തുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറയുന്നു . ഉടനെ വെള്ളം അടിച്ചെങ്കിലും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.സ്ഥലത്തെത്തിയ പരപ്പനങ്ങാടി പൊലീസ് സമീപത്ത് നിന്നും പെട്രോൾ നിറച്ച ബോട്ടിൽ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങളായി പരപ്പനങ്ങാടി തീരദേശമേഖലയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് ഒട്ടുമ്മലിൽ ഒരു മുസ്ലിംലീഗ് പ്രവർത്തകന്റെ ബുള്ളറ്റും ആവിയിൽ ബീച്ചിൽ സി.പി.എം പ്രവർത്തകന്റെ ഓട്ടോറിക്ഷയും കെ.ടി നഗറിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടറും കത്തിച്ചിരുന്നു. വാഹനം കത്തിച്ച സംഭവങ്ങളിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസിന്റെ നിഷ്ക്രിയത്വം ആണ് അക്രമം തുടരുന്നതിന്റെ കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു .
കത്തിച്ച സ്ഥലം പി.കെ. അബ്ദുറബ്ബ് എം.എൽ.എയും നേതാക്കളും സന്ദർശിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടത്തി.