താനൂർ: താനാളൂർ പഞ്ചായത്ത് അരീക്കാട് കുണ്ടുപാടം നികത്താനുള്ള നീക്കങ്ങൾക്കെതിരെ നാട്ടുകാർ രംഗത്ത്. പാഠം നികത്താനായി കെട്ടിയ മതിൽ നാട്ടുകാർ തകർത്തു.
മ50 സെന്റ് കൃഷിയിടമാണ് രാത്രിയുടെ മറവിൽ ചെമ്മണ്ണ് നിറയ്ക്കാൻ ശ്രമിച്ചത്. പാടത്തിന്റെ നടുവിലായി നേരത്തെ മതിൽകെട്ടി തിരിച്ചിരുന്നു. തുടർന്ന് വാഴ വയ്ക്കാനായി തടം തീർത്തു. കഴിഞ്ഞദിവസം രാത്രിയിലാണ് ചെമ്മണ്ണിട്ടത്.
കഴിഞ്ഞവർഷവും കൃഷിയിടത്തിൽ മണ്ണിടാൻ നീക്കമുണ്ടായിരുന്നെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധസൂചകമായി കൊടികുത്തിയതോടെ പിന്മാറി.
മണ്ണെടുക്കാൻ ആർ.ഡി.ഒയുടെ പ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെയാണ് അനധികൃതമായി വയൽ നികത്തൽ നടന്നിട്ടുള്ളത്. മുൻവർഷങ്ങളിൽ നെൽകൃഷി നടത്തിയിരുന്ന പാടമാണ് കരഭൂമിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. റവന്യൂ അധികൃതർ കാര്യക്ഷമമായി ഇടപെടാത്തതിനാൽ വയൽനികത്തൽ സജീവമാവുകയാണെന്ന് നാട്ടുകാർ പറയുന്നു.
ആർ.ഡി.ഒ ഇടപെട്ട് വയൽ പൂർവസ്ഥിതിയിൽ ആക്കണമെന്നും വയൽ നികത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.