മലപ്പുറം: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മുഹമ്മദ് യാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
അരീക്കോട്, എടവണ്ണ, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിൽ കാഷ് ബുക്ക്, പെറ്റീഷൻ രജിസ്റ്റർ, തൊണ്ടി രജിസ്റ്റർ എന്നിവ തയ്യാറാക്കുന്നതിൽ അപാകതകൾ കണ്ടെത്തി. സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളിൽ ചിലത് കണക്കിൽ പെടാത്തതായും കണ്ടെത്തി. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കും.
മലപ്പുറം വിജിലൻസ് ഡിവൈ.എസ്. പി. എ. രാമചന്ദ്രൻ, കോഴിക്കോട് എൻ.ആർ.കെ. ഡിവൈ.എസ്.പി. സുദർശൻ എന്നിവർ നേതൃത്വം നൽകി. പൊലീസ് ഇൻസ്പെക്ടർമാരായ എം.സി. കുഞ്ഞിമോയിൻ കുട്ടി, കെ. റഫീഖ് (വിജിലൻസ്, മലപ്പുറം), എം.ആർ. ബിജു (എൻ.ആർ.കെ, കോഴിക്കോട്), വി. സുരേഷ്, സജിൻ ശശി, (സ്പെഷ്യൽ സെൽ, കോഴിക്കോട്) എന്നിവരും പങ്കെടുത്തു.