പൊന്നാനി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിൽ ഏറ്റെടുക്കുന്ന ഭൂമികളിലെ ഉടമസ്ഥരുടെ ഹിയറിംഗ് പൊന്നാനി മിനി സിവിൽ സ്റ്റേഷനിൽ ദേശീയപാത ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിൽ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 മുതൽ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വിചാരണ സമയത്ത് ഓരോ കൈവശക്കാരനിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മരങ്ങളുടെയും കാർഷിക വിളകളുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുളള നിർമ്മിതികളുടെയും യഥാർത്ഥ വിവരങ്ങളും വിശദവിവരങ്ങളും ഓരോന്നിന്നും നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരവും കൃത്യമായി ബോദ്ധ്യപ്പെടുത്തും. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
വിചാരണയ്ക്ക് ഹാജരാകുന്ന ഭൂ ഉടമസ്ഥർ ഒറിജിനൽ ആധാരം, അടിയാധാരം/ പട്ടയം, ഭൂനികുതി രശീത് 2018-19 (വില്ലേജ് ഓഫീസ്), കൈവശ സർട്ടിഫിക്കറ്റ്, ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് (വില്ലേജ്), കുടിക്കട സർട്ടിഫിക്കറ്റ് (കുറഞ്ഞത് 15 വർഷം), കെട്ടിട നികുതി രശീത് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി), ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി),ഭൂഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റും, ഭൂവുടമയ്ക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ പവർ ഒഫ് അറ്റോർണി (നോട്ടറി മുമ്പാകെയുളളത്), ഭൂഉടമ വിദേശത്താണെങ്കിൽ എംബസി മുഖേനയുളള പവർ ഒഫ് അറ്റോർണി എന്നിവ ഹാജരാക്കേണ്ടതാണ്. തിരിച്ചറിയൽ രേഖ ആധാർ കാർഡ്/ പാൻ കാർഡ്/ ഇലക്ഷൻ ഐ.ഡി കാർഡ്, ബാങ്ക് അക്കൗണ്ട് ഐ.എഫ്.സി കോഡ് തുടങ്ങിയ രേഖകൾ സഹിതം ഹാജരാകണം.