മഞ്ചേരി: പതിനാലുകാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത എട്ടു പ്രതികളെയും ഇന്നലെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാവനൂർ ഇളയൂർ ഇരുവേറ്റി സ്വദേശികളായ പല്ലാരത്തായത്തിൽ പി.സി. മുഹമ്മദ് (39), പൊട്ടണംചാലിൽ കുണ്ടിൽ മുഹമ്മദലി (39), പൊട്ടണംചാലിൽ കുണ്ടിൽ മുഹമ്മദ് ഹനീഫ (42), പുൽപ്പറ്റ പൂക്കൊളത്തൂർ സ്വദേശികളായ കണ്ണഞ്ചീരി ഏക്കാടൻ അബ്ദുൾ ഗഫൂർ എന്ന ബി.കെ. അഷ്റഫ് (38), താഴത്തേൽ വീട്ടിൽ എൻ.എച്ച്. അഫാൻ (22), പല്ലാരപ്പറമ്പ് ചെമ്പ്രേരി മുഹമ്മദ് ഹനീഫ എന്ന ഹനീഫ മുസ്ലിയാർ (53), രാമൻചിറക്കൽ എൻ.എച്ച്. സജീറലി (29), രാമൻ ചിറക്കൽ എൻ.എച്ച്, ഷറഫുദ്ദീൻ (38) എന്നിവരെയാണ് മജിസ്ട്രേറ്റ് ഇ.വി. റാഫേൽ റിമാൻഡ് ചെയ്തത്.
കുട്ടി പഠനത്തിൽ പിറകോട്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പുറത്തായത്. രക്ഷിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മിഠായി നൽകി കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പ്, മല, കവുങ്ങിൻ തോട്ടം, വാഴത്തോപ്പ്, പ്രതി മുഹമ്മദ് ഹനീഫയുടെ വീട്, മദ്രസ ബാത്ത് റൂം എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 മുതൽ പീഡനം നടക്കുന്നതായും പരാതിയിൽ പറയുന്നു. ആറു പരാതികളിലായി എട്ടു പേർക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി സി.ഐ. എൻ.ബി. ഷൈജുവാണ് കേസന്വേഷിക്കുന്നത്.